തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളാണ് അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡില്‍ നിരന്തരമുണ്ടാകുന്ന ഗതാഗത തടസം ചൂണിക്കാട്ടിയാണ് ബസ് ഉടമസ്ഥ -തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിഭാരവാഹികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവില്‍ പൂച്ചിനിപ്പാടം മുതല്‍ ഊരകം വരെയും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ ഠണവ് വരെയും കോണ്‍ക്രീറ്റിങ് നടന്ന് വരുകയാണ്. ഇവിടത്തെ പണി പൂര്‍ത്തിയാക്കാതെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ മുതല്‍ കോണത്ത് കുന്ന് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്ത് കോണ്ക്രീറ്റിങ് പണികള്‍ ആരംഭിച്ചത് ബസ്സുടമകളുമായി ചര്‍ച്ച നടത്താതെയാണെന്നും ബസ് ഉടമസ്ഥ -തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റോഡില്‍ ഗതാഗതം തടസപ്പെടുന്നതിനാല്‍ സയത്തിന് ഓടിയെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും ബസ് ഉടമസ്ഥ - തൊഴിലാളി സംയുക്ത കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എതിര്‍ദശയില്‍ നിന്ന് ഒരു ഓട്ടോറിക്ഷ വന്നാല്‍ പോലും കടന്നു പോകാന്‍ പറ്റാത്ത വഴിയിലൂടെയാണ് ബസ് തിരിച്ചു വിടുന്നത്. 40 കിലോമീറ്റര്‍ ദൂരം വരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍135 സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ആര്‍ടിഒ അനുവദിച്ചു നല്‍കിയ സമയപരിധിയേക്കാള്‍ 15 മിനിറ്റില്‍ കൂടുതല്‍ വൈകിയാണ് ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നത് ഇത് നിയമലംഘനമാണ്. ഇക്കാരണത്താല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
കലക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നതെന്നും തങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ ഉടന്‍തന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. ബസ് ഉടമ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് പ്രേംകുമാര്‍,ബിഎംഎസ് പ്രതിനിധി എ.സി കൃഷ്ണന്‍, സിഐടിയു പ്രതിനിധി കെ .വി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക