തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സാധാരണ മാധ്യമപ്രവര്‍ത്തനമല്ല നടന്നത്. നശീകരണ മാധ്യമപ്രവര്‍ത്തനമാണ് നടന്നത്. വിശ്വാസം തകര്‍ക്കല്‍ മാത്രമല്ല. സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത് എന്ന തിരിച്ചറിവ് വേണം. എല്ലാ മാധ്യമങ്ങളും ഒരേ പോലെയാണ് എന്ന് പറയുന്നില്ല. ചിലര്‍ തെറ്റ് തിരുത്താന്‍ തയ്യാറായി. ബന്ധപ്പെട്ട മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകള്‍ ചെലവഴിച്ച കണക്കായി കാണിച്ചാണ് വ്യാജ വാര്‍ത്ത നല്‍കിയത്. ദുരന്തനിവാരണ സംവിധാനങ്ങളുടെയും ദുരിതാശ്വാസനിധികളുടെയും വിശ്വാസ്യത തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ത്വരയില്‍ ദുരന്തത്തിന് ഇരയായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് നല്‍കിയ സഹായധനത്തിന്റെ കണക്കുകള്‍ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു.
വയനാട് ദുരന്തത്തില്‍ മരിച്ച 131 പേരുടെ കുടുംബങ്ങള്‍ക്ക് ആറുലക്ഷം രൂപ വീതം നല്‍കി. മരിച്ച 171 പേരുടെ സംസ്‌കാര ചടങ്ങിന് 10000 രൂപ വീതം നല്‍കി. 1013 ദുരന്തബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ വീതവും നല്‍കി. എന്നാല്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക വൊളന്റിയര്‍മാര്‍ക്ക് നല്‍കി എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത നല്‍കിയത്. കേന്ദ്രത്തിന് നല്‍കിയത് അവിശ്വസനീയമായ കണക്കുകള്‍ എന്നിങ്ങനെ ഒറ്റദിവസം കൊണ്ട് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കള്ളക്കണക്ക് നല്‍കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സോഷ്യല്‍മീഡിയയിലും വ്യാപക ആക്ഷേപം ഉണ്ടായി. കേരളത്തിനെതിരായ ദുഷ്പ്രചരണം എല്ലാ സീമകളും മറികടന്ന് കുതിച്ചുപാഞ്ഞു. അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുന്നത് എന്ന വാചകം ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി ഇത് അക്ഷരാര്‍ഥത്തില്‍ ഇവിടെ ശരിയായിരിക്കുകയാണ് എന്നും എടുത്തുപറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യാഥാര്‍ഥ്യം വിശദീകരിച്ച് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി. എന്നാല്‍ നുണകള്‍ക്ക് പിന്നാലെ ഇഴയാന്‍ മാത്രമേ സാധിച്ചുള്ളൂ.എന്താണ് ഇതിന്റെ ഫലം? ഇത് ചിന്തിക്കേണ്ടതാണ്. കേരളം കണക്കുകള്‍ പെരുപ്പിച്ച് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ തുക തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന ചിന്ത വലിയൊരു വിഭാഗം ആളുകളുടെ മനസില്‍ ഉണ്ടാക്കാന്‍ ഇതുവഴി സാധിച്ചു. ഈ വലിയ നുണകളുടെ പിന്നിലുള്ള അജണ്ടയാണ് തിരിച്ചറിയേണ്ടത്. നാട്ടിലെ ജനങ്ങള്‍ക്ക് എതിരായുള്ളതാണ് ഈ പ്രചാരണം.പ്രകീര്‍ത്തിക്കും പോലെയാണ് വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാ സഹായവും നല്‍കി വരികയാണ്. പിന്തുണ തകര്‍ക്കുക, സഹായം തടയുക ഈ അജണ്ടയാണ് പുറത്തുവന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതാം. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ജനങ്ങളെ പിന്തിരിപ്പിക്കുക എന്ന ദുഷ്ടലക്ഷ്യമാണ് ഇതിന് പിന്നില്‍. മാധ്യമങ്ങള്‍ വിവാദ നിര്‍മ്മാണ ശാലകളായി മാറി.വസ്തുനിഷ്ഠമായി വാര്‍ത്തകള്‍ നല്‍കി ജനാധിപത്യത്തെ ശക്തമാക്കുക എന്ന മാധ്യമധര്‍മ്മം വിസ്മരിച്ചാണ് കള്ളക്കഥകള്‍ പ്രചരിപ്പിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവട രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുക എന്ന തലത്തിലേക്ക് അധഃപതിച്ചു. എന്താണ് സംഭവിച്ചത് എന്ന് വിശദമായി തന്നെ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക