അടിമുടി കമ്മ്യൂണിസ്റ്റ്, ജയിച്ചത് ഒരുതവണ മാത്രം, എങ്കിലും ജനകീയന്‍; ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കണ്‍വീനര്‍

സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യ കാല നേതാക്കളില്‍ ഒരാളായിരുന്നു എംഎം ലോറന്‍സ്
M M Lawrence
എം എം ലോറന്‍സ്ഫെയ്സ്ബുക്ക്
Published on
Updated on

കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യ കാല നേതാക്കളില്‍ ഒരാളായിരുന്നു എംഎം ലോറന്‍സ്. 1946ലാണ് ലോറന്‍സ് പാര്‍ട്ടിയില്‍ അംഗമായത്.

തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്മ്യൂണിസ്റ്റുകാര്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയവരില്‍ മുന്‍നിരയില്‍ വരും ലോറന്‍സ്. 1950ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായി. 22 മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഒരേയൊരു തവണയെ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. 1980ല്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ നിന്നാണ് വിജയിച്ചത്. 1969ല്‍ പ്രഥമ കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970ലും 2006ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എറണാകുളം മണ്ഡലത്തിലും 1977ല്‍ പള്ളുരുത്തിയിലും 1991ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. 1984ല്‍ മുകുന്ദപുരത്തും പരാജയപ്പെട്ടു.

1964 മുതല്‍ 1998 വരെ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും 1967 മുതല്‍ 1978 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ടി കെ രാമകൃഷ്ണന്‍ 1967ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് ലോറന്‍സ് സെക്രട്ടറിയായത്.

1978 മുതല്‍ 1998 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതല്‍ 1998 വരെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.1986 മുതല്‍ 1998 വരെ ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കണ്‍വീനറായി. പിന്നീട് 1998ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി അച്ചടക്ക നടപടിയെ തുടര്‍ന്ന് 1998ല്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് എറണാകുളം ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ സേവ് സിപിഎം ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളില്‍ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

2002ല്‍ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ ലോറന്‍സ് 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സമിതി അംഗമായി. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം പ്രായാധിക്യം മുന്‍നിര്‍ത്തി ലോറന്‍സിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാണ്.

M M Lawrence
എം എം ലോറന്‍സ് അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com