'ചെപ്പിലൊതുങ്ങാത്ത ഓര്‍മകള്‍; അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദം'; എം എം ലോറന്‍സ്

രാഷ്ട്രീയരംഗത്ത് ഇത്രയൊക്കെ വ്യക്തിത്വ സവിശേഷതയുള്ള എം.എം. ലോറന്‍സിന്റെ ആത്മകഥയ്ക്ക് ഒട്ടും അനുയോജ്യമായ പേരല്ല 'ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍.' കാരണം, ആ പേര് ദ്യോതിപ്പിക്കുന്നവിധം കാല്പനികമായിരുന്നില്ല എം.എം. ലോറന്‍സിന്റെ ജീവിതമെന്നതാണ്.
mm lawrence
പിണറായി വിജയനൊപ്പം എംഎം ലോറന്‍സ്ഫയല്‍
Published on
Updated on

എം എം ലോറന്‍സിന്റെ ആത്മകഥ പുറത്തിറങ്ങിയ സമയത്ത് ദാമോദര്‍ പ്രസാദ് എഴുതിയ കുറിപ്പ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന അടിസ്ഥാന വര്‍ഗ്ഗസംഘാടനത്തിനെക്കുറിച്ചുള്ള രേഖയായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥ. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കാനുള്ള മുന്നേറ്റങ്ങളായിരുന്നു ഇതെന്നുവേണം മനസ്സിലാക്കാന്‍. വിലപേശല്‍ രാഷ്ട്രീയത്തിലേക്കു മാത്രം തൊഴിലാളി സംഘടനകള്‍ വ്യവസ്ഥാപിതമാകുന്നതിനു മുന്‍പുള്ള കാലഘട്ടമാണ് എം എം ലോറന്‍സിന്റെ ആത്മകഥയില്‍ ആദ്യഭാഗങ്ങളില്‍ വിവരിക്കുന്നത്. വ്യവസായ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അവരില്‍ വര്‍ഗ്ഗബോധമുണര്‍ത്തി വിപ്ലവത്തിനു സന്നദ്ധമാക്കുന്ന പ്രത്യയശാസ്ത്രാടിസ്ഥാനത്തിലുള്ള യാന്ത്രികമായ പ്രവര്‍ത്തനമല്ല ഈ ഘട്ടത്തിലേതെന്ന് അനുഭവപ്പെടും.

ദാമോദര്‍ പ്രസാദ്

മ്യൂണിസ്റ്റ് രാഷ്ട്രീയ സംഘാടനം സാഹസികമായിരുന്ന ഒരു ചരിത്രഘട്ടത്തില്‍ ധീരമായി അതില്‍ പങ്കെടുത്തും ഇതിന്റെ ഫലമായി അന്നത്തെ പൊലീസിന്റെ അതിക്രൂരമായ പീഡനങ്ങള്‍ സഹിച്ചും ഐക്യകേരളം സ്ഥാപിതമാകുന്നതിനു മുന്‍പ് കൊച്ചി പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേരുപിടിപ്പിക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യവസ്ഥാപിതമായതോടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ ഉത്തരവാദിത്വം വഹിച്ചും പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായി മുന്നണി കണ്‍വീനറായിരുന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തില്‍ എണ്‍പതുകളില്‍ ശക്തമായിരുന്ന വിഭാഗീയതയില്‍ ഒരു പക്ഷത്തിനുവേണ്ടി നിലയുറപ്പിച്ചും ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കകത്തെ അധികാരമത്സരത്തില്‍ തിരിച്ചടി നേരിട്ടും കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തപ്പെട്ടും പിന്നീട് രണ്ടായിരാമാണ്ടില്‍ കണ്ട വിഭാഗീയതയില്‍ അത്യാവശ്യം വേണ്ട എരിവ് ചേര്‍ക്കുന്ന വക്താവായും എന്നും കേരള രാഷ്ട്രീയത്തില്‍ സജീവമായി നിന്ന പോരാളിയും അതേസമയം പ്രായോഗിക രാഷ്ട്രീയക്കാരനുമായിരുന്നു ലോറന്‍സ് ചേട്ടന്‍ എന്നു സുഹൃത്തുക്കളും പരിചയക്കാരും വിളിക്കുന്ന എം.എം. ലോറന്‍സ്.

രാഷ്ട്രീയരംഗത്ത് ഇത്രയൊക്കെ വ്യക്തിത്വ സവിശേഷതയുള്ള എം.എം. ലോറന്‍സിന്റെ ആത്മകഥയ്ക്ക് ഒട്ടും അനുയോജ്യമായ പേരല്ല 'ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍.' കാരണം, ആ പേര് ദ്യോതിപ്പിക്കുന്നവിധം കാല്പനികമായിരുന്നില്ല എം.എം. ലോറന്‍സിന്റെ ജീവിതമെന്നതാണ്. (ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍, എം.എം. ലോറന്‍സ് ആത്മകഥ, ഡി.സി. ബുക്‌സ്, 2023). എം.എം. ലോറന്‍സിന്റെ ജീവിതവിശ്വാസങ്ങളെ രൂപപ്പെടുത്തിയതില്‍ മറ്റാരേക്കാളും പ്രാധാന്യം ജേഷ്ഠന്‍ അബ്രഹാം മാടമാക്കലിനാണ്. യുക്തിവാദിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു അബ്രഹാം മാടമാക്കല്‍. ജേഷ്ഠന്‍ അബ്രഹാം മാടമാക്കല്‍ കോണ്‍ഗ്രസ്സുകാരനായാണ് തുടങ്ങിയതെങ്കിലും പിന്നീട് കമ്യൂണിസ്റ്റ് ആശയഗതിക്കാരനായി എന്നാണ് എം.എം. ലോറന്‍സ് പറയുന്നത്. അദ്ദേഹം പത്രപ്രവര്‍ത്തനത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തതെങ്കില്‍ എം.എം. ലോറന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റേതാണ്. എം.എം. ലോറന്‍സ് കമ്യൂണിസത്തിന്റെ വിപ്ലവപാത തിരഞ്ഞെടുക്കുന്ന സമയം അദ്ദേഹത്തെ ഈ പാത വ്യവസ്ഥാപിതമായ ഒരു പാര്‍ലമെന്ററി അധികാര പാര്‍ട്ടിയുടെ പ്രമുഖസ്ഥാനങ്ങളില്‍ ചെന്നെത്തിക്കുമെന്ന ധാരണയൊന്നുമുണ്ടാകാന്‍ വഴിയില്ല. രക്തസാക്ഷിത്വം ഏതു നിമിഷവും പ്രതീക്ഷിച്ചാണ് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയത്തിലേക്ക് അക്കാലത്തെ സഖാക്കള്‍ മുന്നോട്ടുവന്നത്. ഒറ്റുകൊടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്യപ്പട്ട് നടുറോഡില്‍വെച്ച് എം.എം. ലോറന്‍സിനേയും സഖാക്കളേയും കൊടിയ മര്‍ദ്ദനത്തിന് ഇരയാക്കുന്നത് ജേഷ്ഠന്‍ നേരില്‍ സാക്ഷ്യം വഹിച്ചതായി പോഞ്ഞിക്കര റാഫി എഴുതിയത് ലോറന്‍സ് ഉദ്ധരിക്കുന്നുണ്ട്. ഇതു കാണേണ്ടിവന്ന ജേഷ്ഠന് കണ്ണീരടക്കാന്‍ കഴിഞ്ഞില്ലെന്നാണ്. എം.എം. ലോറന്‍സിന് വായനയിലുള്ള താല്പര്യം രൂപപ്പെടുത്തിയതും ജേഷ്ഠനാകണം. ജീവിതകാലമത്രയും രാഷ്ട്രീയക്കാരനായിരുന്ന എം.എം. ലോറന്‍സിന്റെ ആത്മകഥയില്‍ ആദ്യഭാഗത്തെ ഒരദ്ധ്യായം തന്നെ മാറ്റിവെച്ചിരിക്കുന്നത് വായിച്ചതും ഇഷ്ടപ്പെട്ടതുമായ പുസ്തകങ്ങളെക്കുറിച്ചു പറയാനാണ്. രാഷ്ട്രീയക്കാരുടെ ആത്മകഥയില്‍ ഇതൊരു അപൂര്‍വ്വതയാണ്.

mm lawrence
എം എം ലോറന്‍സ് അന്തരിച്ചു

ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം എം.എം. ലോറന്‍സിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ അദ്ധ്യായമാണ്. അങ്ങനെത്തന്നെയാണ് ഈ ആത്മകഥയിലും പരിചരിച്ചിരിക്കുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് ജയിലില്‍ എം.എം. ലോറന്‍സിനും സഖാക്കള്‍ക്കുമേല്‍ക്കേണ്ടിവന്ന അതിക്രൂരമായ പീഡനത്തിലും അവര്‍ പതറിയില്ല. സാമൂഹ്യമാറ്റത്തിന്റെ അനിവാര്യതയെക്കുറിച്ച് ആദ്യ തലമുറകളിലെ കമ്യൂണിസ്റ്റുകളുടെ ദൃഢവിശ്വാസം വലിയ ആദരവ് അര്‍ഹിക്കുന്നതാണ്. സംഘടനാരൂപീകരണം മുതല്‍ പാര്‍ലമെന്ററി അധികാരത്തിലേക്ക് പാര്‍ട്ടി വരുന്നതുവരെയുള്ള ഏറ്റവും സമരോത്സുകമായ കാലമാണ് എം.എം. ലോറന്‍സിന്റെ ആത്മകഥയിലെ പ്രധാന ഭാഗമത്രയും. വിപ്ലവോന്മുഖമായ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഗ്ഗസമരത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചുക്കൊണ്ടു നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സംഘര്‍ഷഭരിതമായ

കാലത്തെയാണ് എം.എം. ലോറന്‍സ് ആത്മകഥയിലൂടെ പ്രതിപാദിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തു നടന്ന ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം സഖാക്കളുടെ സാഹസിക പ്രവൃത്തിയായി മാത്രം കാണേണ്ടതല്ല. പാര്‍ട്ടി എന്നതിനേക്കാളുപരി പ്രസ്ഥാനമായി കമ്യൂണിസ്റ്റ് രാഷ്ട്രീയം അതുവരെയുള്ള സാമൂഹ്യബന്ധങ്ങളില്‍ വരുത്താന്‍ തുടങ്ങിയ പരിവര്‍ത്തനങ്ങളുടെ അനന്തരഫലമെന്നോണം വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ പ്രാദേശികതലത്തില്‍ മൂര്‍ച്ഛിക്കുകയും സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്ക് കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തുകയെന്നത് സമ്പന്നതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രതികാരനടപടികള്‍ അനിവാര്യമായിരുന്നു. ഈയൊരു സന്ദര്‍ഭത്തിലാണ് ഇടപ്പള്ളി സ്‌റ്റേഷന്‍ ആക്രമണം നടക്കുന്നതും ഇതൊരു കാരണമാക്കി കമ്യൂണിസ്റ്റുകള്‍ക്കെതിരേയും അനുഭാവികള്‍ക്കെതിരേയും കൊളോണിയലിസത്തിന്റെ ലഹരിവിടാത്ത പൊലീസ് നരനായാട്ട് നടത്തുന്നതും. പയ്യപ്പിള്ളി ബാലന്റെ 'ആലുവാപ്പുഴ പിന്നെയും ഒഴുകി' ഈ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നു.

ആത്മകഥയിലെ മൂന്ന് അദ്ധ്യായങ്ങളിലൂടെയാണ് എം.എം. ലോറന്‍സ് ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിനുണ്ടായ സാഹചര്യവും സ്‌റ്റേഷന്‍ ആക്രമണ സംഭവവും തുടര്‍ന്ന് ഒളിവില്‍ പോകേണ്ടിവന്നതും ഒറ്റുകൊടുക്കപ്പെട്ടതിനാല്‍ പൊലീസിനാല്‍ പിടിക്കപ്പെട്ടതും മാസങ്ങളോളം നീണ്ട പൊലീസിന്റെ കൊടുംക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് ഇരയായതും പ്രതിപാദിക്കുന്നത്. ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം അടിസ്ഥാന ജനവിഭാഗങ്ങളില്‍ കമ്യൂണിസ്റ്റുകാരോട് സൃഷ്ടിച്ച അനുഭാവം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ലഭിച്ച പിന്തുണയും സംഭവത്തിന്റെ ചരിത്രപ്രാധാന്യവും വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പില്‍ക്കാല തലമുറയിലെ ചിലര്‍ക്കെങ്കിലും മനസ്സിലാവാതെ പോയതും എം.എം. ലോറന്‍സ് വിവരിക്കുന്നുണ്ട്. നായകത്വ പരിവേഷം എന്തുക്കൊണ്ടും അവകാശപ്പെടാവുന്ന എം.എം.

ലോറന്‍സ് പക്ഷേ, ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ പ്രതിപാദനത്തില്‍ത്തന്നെ മറ്റു സഖാക്കളുടെ മുകളില്‍ പ്രതിഷ്ഠിക്കുന്നില്ല. മാടമ്പിത്തരം പോലും വീരശൂരത്വമായി സ്വയം പ്രഖ്യാപിക്കുന്ന സ്വയം പുകഴ്ത്തലിന്റെ സമകാലികമായ ലൈനിലല്ല ചരിത്രത്തെ പ്രതിപാദിക്കുന്നതെന്നര്‍ത്ഥം. തന്റെകൂടെ പ്രവര്‍ത്തിച്ച സഖാക്കളുടെ അനുഭവങ്ങള്‍ കൂടി പകര്‍ത്തുന്നുണ്ട്. എം.എം. ലോറന്‍സും സഖാക്കളും ജയിലറകളില്‍ അനുഭവിക്കേണ്ടിവന്ന കൊടുംയാതനകള്‍ വിവരണാതീതമാണ്. മനുഷ്യാവകാശ സങ്കല്പങ്ങള്‍ അരികെക്കൂടെപോലും പോകാത്ത കാലത്തെ കൊളോണിയല്‍ പോലീസിന്റെ അവശിഷ്ടങ്ങളാണ് സഖാക്കളെ തല്ലിച്ചതച്ചത്.

എം.എം. ലോറന്‍സിന്റെ വാക്കുകള്‍

ഇവിടെ ഉദ്ധരിക്കട്ടെ:

'പറഞ്ഞാല്‍ തീരാത്ത മുഴുവന്‍ പറയാന്‍ മനസ്സനുവദിക്കാത്തത്ര മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങളായിരുന്നു ഞങ്ങള്‍ നേരിട്ടത്. ഇതിനു മുന്‍പ് അവയില്‍ ചിലത് പലരും എഴുതിയിട്ടുണ്ട്. എല്ലാം പറയാന്‍ പറ്റുന്നില്ല; പാടില്ല. ഇത്രയൊക്കെ ക്രൂരമര്‍ദ്ദനങ്ങള്‍ ഏല്പിച്ചിട്ടും അഭിമാനത്തോടെ പറയട്ടെ, ഞങ്ങളില്‍ ഒരാള്‍ പോലും കേസില്‍ മാപ്പുസാക്ഷികളായില്ല. മറ്റൊരു സഖാവിനെ ഒറ്റിക്കൊടുത്തുമില്ല. മാപ്പു പറഞ്ഞുമില്ല.'

കമ്യൂണിസ്റ്റുകാരുടെ ധീരചരിത്രത്തിന്റെ അനുഭവം കൂടിയാണിത്. ഏതു കൊടിയ മര്‍ദ്ദനത്തിന് ഇരയാകുമ്പോഴും ഒറ്റിക്കൊടുക്കാതിരിക്കുകയും മാപ്പുപറയാതിരിക്കുകയും ചെയ്യുക എന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഈ ചരിത്രഘട്ടത്തില്‍ വിപ്ലവപാത സ്വീകരിച്ചവര്‍ സമത്വം പുലരുന്ന ധീര നൂതനലോകം യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്. സ്വാര്‍ത്ഥമായ നേട്ടങ്ങള്‍ അവരെ ബാധിച്ചിരുന്നില്ല. പ്രത്യയശാസ്ത്രപരമായി നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനമെന്നതിനേക്കാള്‍ മനുഷ്യത്വപരമായ ലോകവീക്ഷണവും സാഹസികതയും സാമൂഹികമായ ഉച്ചനീചത്വത്തോടുള്ള കടുത്ത എതിര്‍പ്പും വ്യവസ്ഥിതിയെ മാറ്റിമറിക്കേണ്ട അനിവാര്യതയെക്കുറിച്ചുമുള്ള നൈതികമായ ഉണര്‍വ്വുമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വഴിയേ ഇവരെ നടക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

സാമൂഹ്യപരിവര്‍ത്തനത്തിന്റേതായ രാഷ്ട്രീയത്തിലേക്ക് പ്രതിബദ്ധമാകുന്നതോടെ അവരവരില്‍ ദൃഢമാകുന്ന ഉള്‍ക്കരുത്ത് കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ആദ്യനാളുകളിലെ പ്രവര്‍ത്തകരുടെ സവിശേഷതയാണ്. വ്യവസ്ഥാവിരുദ്ധത ഇവരുടെ അവബോധത്തിനു പ്രചോദകമായി. ഒരളവില്‍ ഇത് ധിക്കാരവുമായിരുന്നു. എം.എം. ലോറന്‍സില്‍ അത് ആവോളമുണ്ടെന്നു തോന്നുന്നു. കുനിച്ചുനിര്‍ത്തി നട്ടെല്ലിന്മേല്‍ മര്‍ദ്ദനം തുടരുമ്പോഴും ആ വേദനയെല്ലാം സഹിച്ചുക്കൊണ്ട് ഉണ്ടക്കണ്ണന്‍ മാങ്കോയില്‍ കൊച്ചുണ്ണി മേനോന്‍ എന്ന പൊലീസ് വൈതാളികനോട് എം.എം. ലോറന്‍സ് പറയുന്നത് 'അത് അങ്ങനെയൊന്നും പെട്ടെന്ന് ഒടിയില്ല' എന്നാണ്. വളയാത്ത നട്ടെല്ലിന്മേല്‍ കണ്ണില്‍ ചോരയില്ലാതെ കൊച്ചുണ്ണി പൊലീസ് ഇടിതുടര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നു. എം.എം. ലോറന്‍സ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പേരായി. എന്നാല്‍, സ്വന്തം അനന്തര തലമുറപോലും ഓര്‍ക്കാന്‍ മടിക്കുന്ന പൊലീസ് നരാധമന്മാര്‍ക്ക് ചരിത്രത്തിലാകെ കിട്ടിയ രേഖപ്പെടുത്തലാണ് എം.എം. ലോറന്‍സിന്റെ ആത്മകഥയിലൂടെയെന്നതാണ് വിരോധാഭാസം. ഇത് എക്കാലത്തേയും മര്‍ദ്ദകരായ പൊലീസിന്റെ അവസ്ഥയാണ്. അതിപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അധികാരാന്ധത ബാധിച്ച ഭരണാധിപന്റെ കൂടെയുള്ള വടിത്തല്ലുക്കാരന്റെയാണെങ്കിലും!

ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണവും പിന്നീടുള്ള രാഷ്ട്രീയ അനുഭവങ്ങളും എം.എം. ലോറന്‍സിനെ ഉറച്ച കമ്യൂണിസ്റ്റുകാരനാക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അപ്പോഴൊന്നും തന്നെ വ്യവസ്ഥാപിത അധികാരത്തിന്റെ

ഭാഗമായിട്ടില്ല. അധികാരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ജൈവശക്തിയായിരുന്നു. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളോട് എതിര്‍ത്ത് ഒരു പുതിയ ഭാവിയെ വരവേല്‍ക്കാനായുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. ഇടപ്പള്ളി സ്‌റ്റേഷന്‍ ആക്രമണത്തിനു പിന്നിലെ വൈകാരികമായ പ്രേരണ എന്തായിരുന്നുവെന്നു ഒറ്റവാചകത്തില്‍ എം.എം. ലോറന്‍സ് വിവരിക്കുന്നുണ്ട്. അത് സ്‌റ്റേഷനില്‍ തടവിലായിരുന്ന സഖാക്കളെ രക്ഷിക്കുക സംരക്ഷിക്കുക എന്നൊരൊറ്റ ഉദ്ദേശ്യം മാത്രമായിരുന്നു. എന്‍.കെ. മാധവനും എം.എം. ലോറന്‍സിനും കെ.സി. മാത്യുവിനും മറ്റു സഖാക്കള്‍ക്കുമുണ്ടായിരുന്നത് ഈയൊരേ വികാരം. അവര്‍ സഖാക്കളെ ജീവനേക്കാളുപരി സ്‌നേഹിച്ചിരുന്നു. ഈയൊരു സൗഹാര്‍ദ്ദവും തികച്ചും കാല്പനികമായിരുന്നുവെന്ന് തോന്നിപ്പോകും പിന്നീട് എം.എം. ലോറന്‍സിനെപ്പോലുള്ളവര്‍ വിഭാഗീയതയുടെ ഒരുവശത്തുനിന്ന് സഖാക്കളുമായി അധികാര കിടമത്സരത്തില്‍ ഏര്‍പ്പെട്ട യാഥാര്‍ത്ഥ്യം മനസ്സിലാക്കെ. ഒരുവേള, അപ്പോഴേക്കും കൈയില്‍ വന്ന അധികാരം വ്യവസ്ഥാവിരുദ്ധമായ ധിക്കാരത്തെ അധികാരധാര്‍ഷ്ട്യമായി രൂപാന്തരപ്പെടുത്തിയിരുന്നു.

ഏറെ ആര്‍ജ്ജവത്തോടെ ആദ്യനാളുകളിലെ കൊച്ചിയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെക്കുറിച്ചെഴുതുന്ന എം.എം. ലോറന്‍സ് തന്റെ ആത്മകഥ പറയുന്നതിനിടെ കുറച്ചുസമയം പ്രത്യേകമായി മാറ്റിവെച്ചിരിക്കുന്നത് വി.എസ്. അച്യുതാനന്ദന്‍ പുന്നപ്ര പ്രക്ഷോഭത്തില്‍ പ്രത്യേകിച്ചൊരു പങ്കും വഹിച്ചില്ല എന്ന് സ്ഥാപിക്കാനാണ്. പുന്നപ്ര വയലാര്‍ സമരത്തേയും സമരത്തില്‍ പങ്കെടുത്തവരേയും സ്മരിക്കവേ തന്നെ വി.എസിനെ ലക്ഷ്യമാക്കി ചില തിരുത്തലുകള്‍ നടത്താന്‍ ശ്രമിക്കുന്നു. എം.എം. ലോറന്‍സ് പറയുന്നത്, സമരനേതാക്കളില്‍ പലരും തമസ്‌കരിക്കപ്പെടുകയും സമരത്തിനു മുന്‍പേ ഒളിവില്‍ പോയ ചിലരെ സമരനേതാക്കളായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു എന്നാണ്. ലോറന്‍സിന്റെ അഭിപ്രായത്തില്‍ അങ്ങനെ ഉയര്‍ത്തിക്കാട്ടപ്പെട്ട നേതാവാണ് വി.എസ്. അച്യുതാനന്ദന്‍. ഇതിനായി ഏതാനും തെളിവുകള്‍ എന്ന നിലയില്‍ പുന്നപ്രയെക്കുറിച്ചുള്ള അനുഭവകുറിപ്പുകളില്‍നിന്നും വി.എസിന്റെ തന്നെ ജീവചരിത്രത്തില്‍നിന്നും ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നുമുണ്ട്. വി.എസ്പുന്നപ്രയില്‍ പ്രത്യേകമായൊരു പങ്കുംവഹിച്ചില്ല എന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചിരിക്കുന്ന എം.എം. ലോറന്‍സ് ഇ.കെ. നായനാര്‍ കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തുവെന്നത് കെട്ടുക്കഥയാണെന്നുള്ള വാദങ്ങളെക്കുറിച്ച് എന്തുപറയുമെന്തോ? ഏതായാലും അതാതു കാലങ്ങളിലെ വിഭാഗീയതകളില്‍ എതിര്‍പക്ഷത്തെ അവമതിക്കാന്‍ പാര്‍ട്ടിക്കകത്തുനിന്നുതന്നെ സഖാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞുക്കൊണ്ടിരുന്നു.

എം.എം. ലോറന്‍സിന്റെ ആത്മകഥ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന അടിസ്ഥാന വര്‍ഗ്ഗസംഘാടനത്തിനെക്കുറിച്ചുള്ള രേഖകൂടിയാകുന്നു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കാനുള്ള മുന്നേറ്റങ്ങളായിരുന്നു ഇതെന്നുവേണം മനസ്സിലാക്കാന്‍. വിലപേശല്‍ രാഷ്ട്രീയത്തിലേക്കു മാത്രം തൊഴിലാളി സംഘടനകള്‍ വ്യവസ്ഥാപിതമാകുന്നതിനു മുന്‍പുള്ള കാലഘട്ടമാണ് എം.എം. ലോറന്‍സിന്റെ ആത്മകഥയില്‍ ആദ്യഭാഗങ്ങളില്‍ വിവരിക്കുന്നത്. വ്യവസായ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അവരില്‍ വര്‍ഗ്ഗബോധമുണര്‍ത്തി വിപ്ലവത്തിനു സന്നദ്ധമാക്കുന്ന പ്രത്യയശാസ്ത്രാടിസ്ഥാനത്തിലുള്ള യാന്ത്രികമായ പ്രവര്‍ത്തനമല്ല ഈ ഘട്ടത്തിലേതെന്ന് അനുഭവപ്പെടും. കേരളത്തില്‍ പ്രബലമായിക്കൊണ്ടിരുന്ന നവോത്ഥാന മനുഷ്യാവബോധമാണ് ഈ സമരസന്നാഹങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നും മനസ്സിലാക്കാം. നവോത്ഥാന മനുഷ്യസങ്കല്പം കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളരുന്നതിനു വലിയ പ്രചോദനഘടകമാണ്. എം.എം. ലോറന്‍സ് തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടു നടത്തിയ പ്രകടനം ഇതിനുള്ള വലിയ തെളിവാണ്. എം.എം. ലോറന്‍സിന്റെ ആത്മകഥയിലെ ആവേശം തുളുമ്പുന്ന ഈ ഭാഗത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

'അന്നു ഞങ്ങള്‍ സംഘടിപ്പിച്ച തോട്ടിത്തൊഴിലാളികളുടെ ആദ്യ പ്രകടനം അന്നേവരെ നഗരം കാണാത്ത ഉശിരന്‍ പ്രകടനമായിരുന്നു. നിശ്ശബ്ദമായി പണിയെടുത്തിരുന്ന തോട്ടിത്തൊഴിലാളികള്‍ക്കു ശബ്ദം ഉണ്ടെന്നും അവരില്‍ അഭൂതപൂര്‍വ്വമായ ഐക്യമുണ്ടെന്നും നഗരം അറിയുന്നത് അതോടെയാണ്.' എം.എം. ലോറന്‍സ് ഈ പ്രകടനത്തെക്കുറിച്ച് സംഭവദിവസം പത്രത്തില്‍ വന്ന റിപ്പോര്‍ട്ടും ഉദ്ധരിക്കുന്നുണ്ട്. തൊഴിലാളികളും അവരെ നയിച്ചവരും തളര്‍ന്ന ശരീരമായിരുന്നെങ്കിലും ആവേശഭരിതരായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. പ്രകടനം വിളംബരം ചെയ്തത് മറ്റൊന്നുമല്ല തങ്ങളും മനുഷ്യരാണെന്ന യാഥാര്‍ത്ഥ്യമാണ്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളി വിഭാഗം ഇന്നും നിലവിലുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഏതു വ്യവസ്ഥാപിത ട്രേഡ് യൂണിയനാണ് ഈ തൊഴിലാളികളെ സംഘടിപ്പിക്കാനും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനും ഇന്ന് തയ്യാറാവുന്നത്. തൊഴിലാളികളുടെ ദയനീയാവസ്ഥയെക്കാള്‍ മാനേജ്‌മെന്റിന്റെ സാമ്പത്തികശേഷിയാകണം തൊഴിലാളി സംഘടനത്തിനു നേതാക്കളെ പ്രേരിപ്പിക്കുന്ന ഇന്നത്തെ അളവുകോല്‍.

തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ സംഘടിപ്പിക്കപ്പെട്ടു. കൊച്ചിയില്‍ തുറമുഖം തൊഴിലാളികളുടെ സംഘാടനവും 1953ലെ മട്ടാഞ്ചേരിയിലെ പൊലീസ് വെടിവെപ്പും മൂന്ന് സഖാക്കളുടെ രക്തസാക്ഷിത്വവും തൊഴിലാളി സമരചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായങ്ങളാണ്. എം.എം. ലോറന്‍സ് ആത്മകഥയില്‍ തൊഴിലാളി സംഘാടനത്തെക്കുറിച്ച് സവിസ്തരം

പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗാവബോധത്തിനുപകരമായി ലെനിനിസ്റ്റ് സങ്കല്പത്തില്‍ വിപ്ലവത്തിനു പ്രായോഗികമായി പ്രതിബന്ധമാകുന്ന ട്രേഡ് യൂണിയനിസം തഴച്ചുവളരുന്നതിലേക്കാണ് ഇത് നയിച്ചതെന്നാണ് പില്‍ക്കാല യാഥാര്‍ത്ഥ്യം. ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഒരു കുലീന വിഭാഗമായി ഉയര്‍ന്നുവരികയും ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയദിശ അപ്പോഴേക്കും തീരുമാനിക്കപ്പെട്ടിരുന്നു. കല്‍ക്കത്ത തീസിസ് 'അഡ്വെഞ്ചറിസ'മായി വിധിയെഴുതപ്പെട്ടു.

റാഡിക്കല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ സഖാവ് പി. കൃഷ്ണപിള്ള അപ്പോഴേക്കും മരണപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനം പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് സ്വയം പ്രതിബദ്ധമായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളസമൂഹത്തിന് അനുരൂപപ്പെട്ടതിനെക്കുറിച്ചുള്ള ടി.ജെ. നോസിറ്ററുടെ പഠനത്തില്‍ (ഇീാാൗിശാെ ശി ഗലൃമഹമ, അ േൌറ്യ ശി ുീഹശശേരമഹ മറമുമേശേീി, ഠ.ഖ. ചീശൈലേൃ) വ്യക്തമാക്കുന്നതുപോലെ 1957ലെ തെരഞ്ഞെടുപ്പിനായി തയ്യാറാക്കപ്പെട്ട പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ പഞ്ചവത്സര പദ്ധതി തുടങ്ങിയ ഭരണപരിഷ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നുവെന്നാണ്. തെരഞ്ഞെടുപ്പ്

രാഷ്ട്രീയത്തിന്റെ ബലാബലങ്ങള്‍ക്കു സന്നദ്ധമായി കഴിഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അധികാരത്തിലേക്കു വരാനും അധികാരം നിലനിര്‍ത്താനും പാര്‍ലമെന്ററി മാര്‍ഗ്ഗം തന്നെ ഉചിതമെന്നു ബോധ്യമായി. എം.എം. ലോറന്‍സിന്റെ ആത്മകഥയില്‍ ഇ.എം.എസ് മന്ത്രിസഭയുടെ ഉദയം മുതല്‍ അടുത്ത അദ്ധ്യായങ്ങളായ ഒളിവുകാല ജീവിതം. അടിയന്തരാവസ്ഥ, തീവ്രവാദം, പത്രപ്രവര്‍ത്തനം എന്നിവയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളുടെ അംശങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നുണ്ടെങ്കിലും വിഭാഗീയതയും അധികാര വടംവലികളുമൊക്കെ ആരംഭിച്ചിരുന്നതിന്റേയും സൂചനകളും നല്‍കുന്നു.

ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ ഒരിക്കല്‍കൂടി എം.എം. ലോറന്‍സ് അനുസ്മരിക്കുന്നുണ്ട് നക്‌സലൈറ്റ് രാഷ്ട്രീയ കാലഘട്ടത്തിലെ സി.പി.എം പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിക്കുമ്പോള്‍. ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം നക്‌സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനവുമായി ചേര്‍ത്തുവെയ്ക്കുന്നതിലെ എതിര്‍പ്പാണ് എം.എം. ലോറന്‍സ് രേഖപ്പെടുത്തുന്നത്. ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം സി.പി.എമ്മിന്റെ തീവ്രവാദ വിരുദ്ധ നിലപാടിനു

ചേരുന്നതല്ല എന്നതാണ് അഭിമുഖീകരിക്കുന്നപ്രശ്‌നം. അതുക്കൊണ്ട് കല്‍ക്കത്ത തീസിസിന്റെ ഭാഗമായിരുന്നില്ല സ്‌റ്റേഷന്‍ ആക്രമണമെന്നാണ് ലോറന്‍സ് വ്യക്തമാക്കുന്നത്. ആസൂത്രിതവുമല്ല എന്നും രേഖപ്പെടുത്തുന്നു. എങ്കിലും എം.എം. ലോറന്‍സ് കമ്യൂണിസ്റ്റ് രാഷ്ട്രീയ നേതൃത്വം അവലംബിക്കേണ്ട രാഷ്ട്രീയ പ്രവര്‍ത്തനശൈലി എന്താണെന്നു വ്യക്തമാക്കുന്നുണ്ട്: 'സ്ഥാനവും പദവിയും സുഖസൗകര്യങ്ങളും പ്രധാന ലക്ഷ്യമായി കണ്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു യഥാര്‍ത്ഥ വിപ്ലവകാരിയാകാന്‍ കഴിയില്ല. രക്തസാക്ഷികള്‍ ആ ഗണത്തില്‍പ്പെടുന്നില്ല. ഇന്നത്തെ യുവതലമുറ പ്രത്യേകിച്ച് ഇക്കാര്യങ്ങള്‍ മനസ്സിലാക്കണം.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിപ്ലവപ്രവര്‍ത്തനത്തെക്കുറിച്ച് ഉപദേശം നല്‍കുന്ന എം.എം. ലോറന്‍സ് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്നു. അധികാരം കൈവെള്ളയില്‍ കണ്ടിരുന്ന ഒരാള്‍. ഗള്‍ഫില്‍നിന്നുള്ള പണമൊഴുക്കും സേവനമേഖലയുടെ വികാസത്തോടൊപ്പം എഴുപതുകളിലെ തീവ്രവാദനുരാഗവും പിന്നിട്ട് കേരളം മധ്യവര്‍ഗ്ഗ സമൂഹമായി പരിവര്‍ത്തനം ചെയ്ത ഘട്ടത്തിലേക്കു കടന്നതോടെയാണ് കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കേന്ദ്രീകരിച്ചുകൊണ്ടുള്ള മുന്നണി രാഷ്ട്രീയവും വ്യവസ്ഥപ്പെടുത്തുന്നത്. അതിനു മുന്‍പുള്ളതൊക്കെ അധികാരത്തില്‍ തുടരാന്‍ വേണ്ടിയുള്ള നീക്കുപോക്കുകള്‍ മാത്രമായിരുന്നു. പ്രായോഗികമായ പ്രവര്‍ത്തനരൂപം എന്ന നിലയില്‍ മുന്നണി രാഷ്ട്രീയം ഫലവത്താകുന്നത് അടിയന്തരാവസ്ഥയും കഴിഞ്ഞാണ്. കേരളത്തിലെ ഐക്യമുന്നണി സമ്പ്രദായത്തെ പകര്‍ത്തുകയായിരുന്നു സി.പി.എമ്മും മറ്റു ഇടതുപക്ഷ കക്ഷികളും. ഇന്നിത് തീര്‍ത്തും ഇടതുമുന്നണി എന്ന് വിളിക്കാന്‍ പറ്റാത്തവിധത്തില്‍ ഏതാണ്ട് ഐക്യമുന്നണിയുടെ രാഷ്ട്രീയ സ്വഭാവമാര്‍ജ്ജിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്കു പ്രയോജനകരമാകുമായിരുന്ന മുന്നണി രാഷ്ട്രീയത്തിന്റെ നടത്തിപ്പിനെ കുറച്ചുകൂടി വിശദമായ പ്രതിപാദ്യം ഇതിലുണ്ടാകേണ്ടതായിരുന്നു.

സി.പി.എമ്മിനെ ഏറെക്കാലം ഗ്രസിച്ച വിഭാഗീയതയുടെ രാഷ്ട്രീയത്തിലേക്കാണ് ആത്മകഥാഖ്യാനം മുന്നേറുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കും മുന്‍പേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതും വി.എസുമായുള്ള വിഭാഗീയ ഏറ്റുമുട്ടലിനെ സംബന്ധിച്ചുള്ള സ്മരണകളാണ്. പാര്‍ട്ടി തന്നെ അധികാരകേന്ദ്രമാവുന്നതോടെയാണ് അധികാരത്തിനായുള്ള കിടമത്സരവും ആരംഭിക്കുന്നത്. ആദ്യമൊക്കെ പ്രത്യയശാസ്ത്ര മുഖം നല്‍കാന്‍ പണിപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അധികാരത്തിനായുള്ള വ്യക്തികളുടെ ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രമാണിത്. വിഭാഗീയതയുടെ ആത്മകഥനത്തിന് 'ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍' എന്നതിനേക്കാള്‍ അനുയോജ്യമാവുക പഴയ പട്ടാള ബാരക്കിലേക്ക് കൊണ്ടുപോകുന്ന ട്രങ്ക് (തുറക്കുമ്പോള്‍) എന്ന രൂപകമായിരിക്കും. പാര്‍ട്ടി വിഭാഗീയത എറണാകുളത്തുനിന്നാണ് ആരംഭിക്കുന്നതെന്നു പറഞ്ഞാണ് ഒരു പ്രത്യേക അദ്ധ്യായം ഇത് വിശദീകരിക്കാനായി മാറ്റിവെച്ചിരിക്കുന്നത്. എറണാകുളത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എ.പി. വര്‍ക്കിയെയാണ് ഉത്തരവാദിയാക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ ഒരു പോരാളിയായ നേതാവായാണ് പൊതുസമൂഹം എ.പി. വര്‍ക്കിയെ അറിയുന്നത്.

വിഭാഗീയതയുടെ വഴികള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യനാളുകളിലെ പോരാട്ടം നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിനു ശേഷം പിന്നീട് പാര്‍ട്ടി അധികാരത്തില്‍ വ്യവസ്ഥാപിതമാകുന്നതോടെ നേതൃത്വനിരയിലേക്ക് ഉയരുകയും മുന്നണി രാഷ്ട്രീയം പ്രധാനമാകുന്നതോടെ അതിന്റെ നേതൃത്വത്തിലേക്കു വരികയും ട്രേഡ് യൂണിയന്‍ പക്ഷത്തുനിന്ന് വി.എസിനെതിരെയുള്ള വിഭാഗീയ യുദ്ധങ്ങളില്‍ മുന്നില്‍നിന്ന് പൊരുതുകയും അതിനെത്തുടര്‍ന്ന് അധികാര പോരാട്ടത്തില്‍ കണ്ണൂര്‍ സഖാക്കളുമായി ചേര്‍ന്ന് വി.എസ് പാര്‍ട്ടയില്‍ അധികാരം സ്ഥാപിക്കുകയും ചെയ്തതോടെ എം.എം. ലോറന്‍സിന്റെ രാഷ്ട്രീയ ജീവിതം ഏതാണ്ട് മുഖ്യധാരയില്‍നിന്ന് വലിയൊരു ഇടവേള പിന്തള്ളപ്പെട്ടു. പാര്‍ട്ടിയില്‍ രണ്ടായിരാമാണ്ടില്‍ രൂപമെടുത്ത പുതിയ അധികാര മത്സരത്തില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷമായി വി.എസിനെതിരെ പ്രതികരിക്കുക എന്ന നിലയില്‍ ഔദ്യോഗിക പക്ഷമെന്നു വിളിക്കപ്പെട്ടിരുന്ന പിണറായിയുടെ നേതൃത്വത്തെ പുരസ്‌കരിക്കുക എന്ന ഉദ്യമം ഏറ്റെടുത്തതോടെ ഉയര്‍ത്തപ്പെട്ടെങ്കിലും പൊതുധാരയില്‍നിന്നുമേറെ അകന്നിരുന്നു.

ട്രേഡ് യൂണിയന്‍ നേതൃത്വത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിര്‍ണ്ണായകമായ ശക്തിയായിരുന്നു ബഹുജന സംഘടന എന്ന നിലയില്‍ സി.ഐ.റ്റി.യു. കേരളത്തിന്റെ വികസനം മുടക്കികള്‍ എന്ന നിലയില്‍ ട്രേഡ് യൂണിയനുകള്‍ എന്നും പഴികേട്ടിരുന്നു. ശക്തമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തുക എന്ന ഉദ്ദേശ്യവും ട്രേഡ് യൂണിയന്‍ നേതൃത്വത്തിനേറ്റ സ്ഥാനഭ്രംശങ്ങള്‍ക്കു കാരണമായിട്ടുണ്ട്. നവ മുതലാളിത്ത പ്രീണനപരമായ നയങ്ങള്‍ സി.പി.എം സ്വാംശീകരിക്കാന്‍ തുടങ്ങുന്നത് ഈ ഘട്ടം മുതല്‍ക്കാണ്. വി.എസ്. അച്യുതാനന്ദന്‍ പില്‍ക്കാല ചരിത്രത്തില്‍ യാഥാസ്ഥിതിക

മൂല്യങ്ങളുടെ സംരക്ഷകനായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിലും പാര്‍ട്ടിയിലെ പില്‍ക്കാലത്തെ അധികാര ദുഷിപ്പുകള്‍ക്കും അധികാര കേന്ദ്രീകരണത്തിനും കടന്നുവരാനുള്ള അവസരം നല്‍കിയതും വി.എസ്. അച്യുതാനന്ദനാണ്.

മാരാരിക്കുളം തെരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള കണക്കു തീര്‍ക്കലായിരുന്നെങ്കിലും സ്വാര്‍ത്ഥമായ അധികാര താല്പര്യങ്ങളും പാര്‍ലമെന്ററി അധികാരം എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനമോഹവുമായിരുന്നു ശത്രുപക്ഷത്തെ വെട്ടിനിരത്തലിന് വി.എസ് വിഭാഗത്തെപ്രേരിപ്പിച്ചതെന്ന യാഥാര്‍ത്ഥ്യവുമുണ്ട്.

വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ വഴിത്തിരിവായിരുന്നു വി.എസ്. അച്യുതാനന്ദന്‍ പക്ഷത്തിനു മേല്‍കൈ ലഭിച്ച പാലക്കാട് സമ്മേളനം. വെട്ടിനിരത്തല്‍ അരങ്ങുതകര്‍ത്ത സംസ്ഥാന സമ്മേളനം വാസ്തവത്തില്‍ ദിശാപരമായ മാറ്റം കുറിക്കുന്നതുമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്ത് നേതൃത്വനിരയിലുണ്ടായിരുന്നവരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പ്രധാനപ്പെട്ടവരും സൈദ്ധാന്തികമായി നിലവിലെ നേതൃത്വത്തിലെ നേതാക്കളെക്കാള്‍ മികച്ച ധാരണകളുള്ളവരുമായ നേതാക്കളുമാണ് വെട്ടിയരിയപ്പെട്ടത്. വെട്ടിയരിയലിനെത്തുടര്‍ന്നുള്ള അല്പകാലത്തിനുശേഷം വി.എസ്. അച്യുതാനന്ദന്‍ വീണ്ടും പുതിയ നേതൃത്വവുമായി കൊമ്പുകോര്‍ക്കുകയും ഇത് പിന്നീടുള്ള വിഭാഗീയതയിലേക്ക് വഴിതിരിഞ്ഞത് സമകാലീന ചരിത്രമാണ്. ജനകീയ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് സമരരംഗത്തേക്കു വന്ന വി.എസിന് വലിയ തോതില്‍ മാധ്യമ പിന്തുണ ലഭിച്ചിരുന്നു. പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കാനും ഒരു പുതിയ മാധ്യമവാര്‍ത്ത സംസ്‌കാരം രൂപപ്പെടുത്താനും നിലനില്‍പ്പിന്റെ ആദ്യഘട്ടങ്ങളില്‍ വെമ്പല്‍ക്കൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങള്‍ക്ക് വി.എസിന്റെ വിവാദപരമായ ഇടപെടലുകള്‍ ഗുണകരമായി. പരസ്പര ഗുണകരമായ ഈ പ്രവര്‍ത്തനം കേരളസമൂഹത്തെ സംബന്ധിച്ചിടത്തോളം ചില ഗുണഫലങ്ങളുണ്ടാക്കിയെന്നതും വാസ്തവമാണ്. വലിയ തോതിലുള്ള കൊള്ളയ്ക്ക് തടയിടാന്‍ ഒരു പരിധിവരെയെങ്കിലും ആ ഘട്ടത്തില്‍ കഴിഞ്ഞു. വര്‍ഗ്ഗപരമായ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് വി.എസിന്റെ സാന്നിധ്യം ഒരു പരിമിതകാലത്തേക്കെങ്കിലും തടസ്സം സൃഷ്ടിച്ചു. എന്നാല്‍, മാധ്യമ

പിന്തുണയുടേയും മറ്റും അഭാവത്തില്‍ ഒരുപക്ഷേ, ട്രേഡ് യൂണിയന്‍ നേതൃത്വത്തിനു സംഭവിച്ചത് വി.എസിനും പിന്നീട് സംഭവിക്കുകയായിരുന്നു.

പാലക്കാട് സമ്മേളനത്തെത്തുടര്‍ന്ന് നേരിടേണ്ടിവന്ന 'ഒറ്റപ്പെടലുകളെ'ക്കുറിച്ചും അസ്തിത്വപ്രതിസന്ധിയെക്കുറിച്ചും കൊച്ചി പ്രദേശത്തുനിന്നു തന്നെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച് പിന്നീട് ഉന്നത നേതൃതലത്തിലേക്ക് ഉയര്‍ന്ന ഇ. ബാലാനന്ദന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (നടന്നുതീര്‍ത്ത വഴികള്‍ ഇ. ബാലാനന്ദന്‍, ഗ്രീന്‍ ബുക്‌സ്). കെ.എന്‍. രവീന്ദ്രനാഥ് 'ഒരു ചുവന്ന സ്വപ്നം' എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ (ചിന്ത പബ്ലിഷേഴ്‌സ്, 2023) ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണം പാലക്കാട് സമ്മേളനവും തുടര്‍ന്നുണ്ടായ ഒതുക്കലിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങളിലേക്കു പോകാന്‍ താല്പര്യപ്പെടുന്നില്ല. തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പോരാടിയും കൊടിയ മര്‍ദ്ദനത്തിനും ജയില്‍വാസത്തിനുമിടയായ സമരഭരിതമായ ജീവിതമാണ് ഇ. ബാലാനന്ദന്റേത്. ഇ. ബാലാനന്ദന്റെ ആത്മകഥയുടെ അവസാന ഭാഗങ്ങളിലെ ഒരു അദ്ധ്യായം വിഭാഗീയതയുടെ പ്രത്യാഘാതത്തെ വിശദീകരിക്കാനാണ്. 'പാലക്കാട് സമ്മേളനവും വിഭാഗീയതയും' എന്ന അദ്ധ്യായത്തില്‍ പാലക്കാട് സമ്മേളനത്തിനു മുന്‍പും സമ്മേളനവേളയിലും അതിനുശേഷവുമുള്ള സംഭവങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഒപ്പം തന്നെ പുതുതായി രൂപപ്പെട്ട ഉള്‍പാര്‍ട്ടി സമരത്തെപ്പറ്റിയും പ്രതിപാദിക്കുന്നു.

'സേവ് (സി.പി.എം) ഫോറത്തിന്റെ പേരില്‍ ലോറന്‍സിനേയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ രവീന്ദ്രനാഥിനേയും കേന്ദ്രക്കമ്മിറ്റിയില്‍ നിന്നൊഴിവാക്കുന്ന സ്ഥിതിയുണ്ടായി. കേരളത്തിലെ മുഴുവന്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായസി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ് യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും മറ്റും അവഗണിക്കപ്പെടുകയുണ്ടായി. ഹൃദയവേദനയോടെയാണ് അവര്‍ മരിച്ചത്. ഭരതന്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. അങ്ങനെ മനസ്സ് മടുപ്പിക്കുന്ന അന്തരീക്ഷമായിരുന്നു കേരളത്തിലെ പാര്‍ട്ടിയിലെ രണ്ടുമൂന്നു വര്‍ഷക്കാലം. വീണ്ടും സൗഹൃദത്തിന്റെ പാതയിലായത് എം.പി. പരമേശ്വരന്റെ നാലാം ലോകവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചപ്പോഴാണ്.'

കെ.എന്‍. രവീന്ദ്രനാഥ് സൂചിപ്പിക്കുന്നത് ഈ വിഭാഗീയ കാലഘട്ടത്തെക്കുറിച്ച് അനുസ്മരണം അനവസരത്തിലാണെന്നാണ്. എങ്കില്‍ത്തന്നെയും വി.എസിന്റെ ജീവിതചരിത്രകാരനായ പി. ജയ്‌നാഥ് 'വി.എസിന്റെ ആത്മരേഖ' എന്ന പുസ്തകത്തില്‍ ഈ സമ്മേളനത്തെക്കുറിച്ചു പറയുന്നത് 'പാര്‍ട്ടിയിലെ വിഭാഗീയതയില്‍ വളച്ചുതിരിച്ചുമാണ് (ംേശേെ) സംഭവിച്ചതെന്നാണ്.' തുടര്‍ന്നുള്ള പാരഗ്രാഫില്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നത് വി.എസിന്റെ ഇടപെടലിലൂടെയാണെന്നും വ്യക്തമാക്കുന്നു. പിന്നീടുണ്ടായ വി.എസ് പിണറായി പോര് യാഥാസ്ഥിതികതയും പരിഷ്‌കരണവാദികളും തമ്മിലുള്ള ഏറ്റുമുട്ടലായി പരിവേഷം നല്‍കപ്പെടുന്നുണ്ടെങ്കിലും അധികാരതര്‍ക്കം മാത്രമായിരുന്നു. എക്കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്തുതന്നെ നടന്നിരുന്ന ഉള്‍പാര്‍ട്ടി സമരങ്ങള്‍വ്യക്തികള്‍ തമ്മിലുള്ള പോര് പ്രധാനമായിരിക്കെത്തന്നെ ഏകകേന്ദ്രിതമാകാന്‍ സാധ്യതയുള്ള അധികാരത്തിനെതിരെയുള്ള സമരമായാണ് പരിണതപ്പെട്ടത്. വിഭാഗീയതയുടെ അന്ത്യമെന്നാല്‍ ഒരു വ്യക്തിയുടെ അധികാര കേന്ദ്രീകരണമായി മാറുന്ന സ്ഥിതിയിലേക്കാണ് പരിണമിച്ചത്. ആത്യന്തികമായി ട്രേഡ് യൂണിയന്‍ നേതാക്കളെ ഒതുക്കുക എന്നത് അനിവാര്യമാക്കിയത് റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെ പുത്തന്‍ മുതലാളിത്ത സംരംഭകര്‍ക്കു വഴിയൊരുക്കാന്‍ വേണ്ടിയായി. ട്രേഡ് യൂണിയന്‍ ബഹുജനസംഘടനയില്‍ നിന്നുള്ളവര്‍ക്ക് മന്ത്രിസഭയില്‍ സാധാരണഗതിയില്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാനം പോലും ഇല്ലാതെയായി. വി.എസ് ഇതിനൊക്കെ രാസത്വരകമായി എന്നതാണ് വാസ്തവം.

എം.എം. ലോറന്‍സിന്റെ ആത്മകഥ മറ്റു പല ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടേയും ആത്മകഥപോലെ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വേര് പിടിക്കാന്‍ തുടങ്ങുന്ന

കാലഘട്ടത്തിന്റേയും അന്നത്തെ സാഹസികരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ കണ്ട സമത്വം പുലരുന്ന ഒരു പുതിയ ലോകത്തെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടാണ് തുടങ്ങുന്നത്. എങ്കിലും ഇതിലെ ആ ഘട്ടം കഴിയുന്നതോടെ പാര്‍ട്ടി വ്യവസ്ഥാപിതമാവുകയും അധികാരദുര പരക്കാന്‍ തുടങ്ങുകയും അധികാര കിടമത്സരം വിഭാഗീയതയുടെ രൂപത്തില്‍ എങ്ങനെ രാഷ്ട്രീയത്തെത്തന്നെ രൂപപ്പെടുത്തിയെന്നും മനസ്സിലാക്കാനും സഹായകമാകുന്നു. പാര്‍ലമെന്ററി വ്യവസ്ഥ അംഗീകരിച്ചുകൊണ്ടുതന്നെ അധികാരസ്ഥാപനമായി രൂപാന്തരപ്പെടുകയും തുടര്‍ന്ന് വന്‍സമ്പത്തുള്ള കോര്‍പറേറ്റ് സ്ഥാപനമാവുകയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സങ്കോചിക്കപ്പെടുകയും ചെയ്യപ്പെടുന്ന സമകാലിക യാഥാര്‍ത്ഥ്യം ഈ

പുസ്തകത്തില്‍ കാണില്ലെങ്കിലും അത്തരം രൂപാന്തരപ്പെടലിനുള്ള കാര്യകാരണങ്ങളുടെ സൂചനകള്‍ ഇതില്‍ ധാരാളമുണ്ട്. സമീപകാലത്തില്‍ കൈവന്ന അധികാരത്തിന്റെ അനന്തരഫലമെന്നോണം പാര്‍ട്ടി അധികാരം ദുരന്തമായാണോ പ്രഹസനമായാണോ മാറുക എന്നത് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിന്റെ മാനദണ്ഡമാണ് സ്വീകരിക്കുന്നതെങ്കില്‍ ചരിത്രത്തിന്റെ പ്രക്രിയകളുടെ പരിണതികളാണ് നിര്‍ണ്ണയിക്കുക. ചരിത്രനിരപേക്ഷമായി വ്യക്തികളുടെ ഇച്ഛയിന്മേലാണ് രാഷ്ട്രീയാധികാരം നിലക്കൊള്ളുന്നതെന്ന ബോധ്യമെന്നത് ബൂര്‍ഷ്വ ലിബറല്‍ മൂല്യബോധമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇത് ഗ്രസിക്കുന്നതോടെ പ്രവര്‍ത്തനപന്ഥാവില്‍ത്തന്നെ മാറ്റം സംഭവിക്കുന്നു. അധികാരം ഉന്മത്തമാക്കുന്നതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എന്നല്ല ഏതു ബൂര്‍ഷ്വാപാര്‍ട്ടിയേയും വിനാശത്തിലേക്കും നയിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടി കടന്നുവന്ന സമരപാതകളെക്കുറിച്ച് സ്റ്റഡിക്ലാസ്സ് ജ്ഞാനത്തിനപ്പുറമുള്ള അനുഭവങ്ങളാണ് എം.എം. ലോറന്‍സിന്റെ ആത്മകഥയില്‍നിന്ന് പുതിയ തലമുറക്കാര്‍ക്കു ലഭിക്കുക, രണ്ടാമതായി, കേരള സമൂഹത്തിന്റെ ആധുനികവല്‍ക്കരണവും കേരളത്തിന്റെ സാമൂഹിക ഘടനയും വ്യതിരിക്തതയും ഇന്ന് പ്രത്യേകമായ പഠനമേഖലയാണ്. ആധുനിക സമൂഹരൂപീകരണത്തെക്കുറിച്ചുള്ള പഠനത്തിനും എന്‍.എസ്. മാധവന്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നപോലെ അത്രയൊന്നും പഠിക്കപ്പെട്ടിട്ടില്ലാത്ത കൊച്ചി പ്രദേശങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രപഠനത്തിനും എം.എം. ലോറന്‍സിന്റെ ആത്മകഥ മുതല്‍ക്കൂട്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com