കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരിച്ച് അതിജീവിത. ‘ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങൾ എന്താണോ ചെയ്യുന്നത് അത് നിങ്ങൾക്ക് തിരിച്ചു കിട്ടും’ എന്നാണ് സിദ്ദിഖിനെതിരെ പരാതി നൽകിയ അതിജീവിത ഫെയ്സ്ബുക്കിൽ കുറിച്ചത്. രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും അതിജീവിത പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് അതിജീവിതയുടെ പ്രതികരണം വീണ്ടുമെത്തിയത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ല. കുട്ടമശേരിയിലെ വീട് പൂട്ടിയ നിലയിലാണ്. ഇതോടെ തിരച്ചിൽ ഊർജിതമാക്കി.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെയാണ് തള്ളിയത്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക