ബംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കാര്‍വാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎന്‍എ ടെസ്റ്റിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ദൗത്യവുമായ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. 12 മീറ്റര്‍ ആഴത്തില്‍ നിന്നാണ് നാവിക സേന ലോറി കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പെടെ കാണാതായിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 72ാം ദിവസമാണ് ലോറി കണ്ടെത്തിയത്.
അതേസമയം, ശരീരഭാഗത്തിനൊപ്പം അര്‍ജുന്റെതായി മറ്റെന്തെങ്കിലും ക്യാബിനില്‍ നിന്ന് ലഭിച്ചെങ്കില്‍ ഡിഎന്‍എ പരിശോധന വേണ്ടെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അധികാരികളാണെന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക