തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതിന്റെ കരടുപട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ ഒന്നുവരെ നല്‍കാം. ഇതും കൂടി പരിഗണിച്ചാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗം ഇതിനായുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
മൂന്നുഘട്ടമായാണ് പുനര്‍വിഭജനം നടക്കുക. ആദ്യം പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തിലും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. എല്ലാവാര്‍ഡുകളുടെയും അതിര്‍ത്തികളില്‍ മാറ്റമുണ്ടാകും. ആദ്യഘട്ടത്തിലേതിന്റെ പരാതികള്‍ ഡീലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറിക്കോ കലക്ടര്‍ക്കോ നേരിട്ടും രജിസ്ട്രേഡ് തപാലിലും നല്‍കാം. കരട് റിപ്പോര്‍ട്ട് തയ്യാറാക്കി ഡീലിമിറ്റേഷന്‍ കമീഷന് നല്‍കാനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ക്കാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23,612 ആകും. നിലവില്‍ 21,900 ആണ്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ചത്. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും ആറ് കോര്‍പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും 941 പഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍ 17,337 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2,267 ആയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ധിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗത്തില്‍ ചെയര്‍മാന്‍ എ ഷാജഹാന്‍ അധ്യക്ഷനായി. കമീഷന്‍ അംഗങ്ങളായ പൊതുമരാമത്ത്- വിനോദസഞ്ചാര സെക്രട്ടറി കെ ബിജു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി എസ് ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത സെക്രട്ടറി ഡോ. കെ വാസുകി, കമീഷന്‍ സെക്രട്ടറി എസ് ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ https://www.lsgkerala.gov.in, https://www.sec.kerala.gov.in, https://www.prd.kerala.gov.in, https://www.kerala.gov.in വൈബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക