മനുഷ്യന്റെ ചോര പടര്‍ന്നൊഴുകി ചെമ്മണ്ണ് കറുത്ത വെള്ളിയാഴ്ചയായിരുന്നു 1994 നവംബര്‍ 25. പകല്‍ 11.15 കത്തിജ്വലിച്ച ചെങ്കനലായി സ്വാശ്രയവിദ്യാഭ്യാസത്തിനെിരെ രണ്ടായിരത്തിലേറെ യുവാക്കള്‍ തെരുവില്‍. കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്കിന്റെ സഹകരണ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എംവി രാഘവനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പും നടത്തി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെകെ രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെവി റോഷന്‍, പ്രവര്‍ത്തകരായ വി മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു വീണു. നട്ടെല്ലിന് വെടിയേറ്റ് പുഷ്പന്‍ സഹനത്തിന്റെ തീപന്തമായി.
'സ്മരണകളിരമ്പും രണ സ്മാരകങ്ങളേ, ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍സമരപുളകങ്ങള്‍ തന്‍.... സിന്ദൂരമാലകള്‍' എന്നു സഖാക്കള്‍ പാടുന്നത് സഖാവ് പുഷ്പനെയുംകൂടിയോര്‍ത്താണ്. സമരഭൂമിക സമ്മാനിച്ച പോരാട്ടകിടക്കയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി വേദനയുടെ ലോകത്ത് നിന്നും പുഷ്പന്‍ വിടവാങ്ങുമ്പോള്‍ കൂത്തുപറമ്പിലെ അഞ്ച് രക്തതാരകങ്ങള്‍ക്കൊപ്പം മറ്റൊരു ചുവന്ന സൂര്യനായി പുഷ്പനും.
സുഷുമ്ന നാഡിയ്ക്കു വെടിയേറ്റ് ശരീരം തളര്‍ന്ന പുഷ്ന്‍ അന്നു മുതല്‍ ആശുപത്രികളിലും വീട്ടിലുമായി കിടപ്പിലായിരുന്നു. കടുത്ത വേദനയെ മരുന്നിന്റെയും മനശ്ശക്തിയെയും ബലത്തില്‍ മറികടന്ന പുഷ്പന്‍ സിപിഎം സഖാക്കളുടെ ഊര്‍ജമായി മാറി. അകത്തും പുറത്തും വേദന പേറുന്ന ശരീരം ചെറുയാത്രയ്ക്കുപോലും പുഷ്പനെ അനുവദിച്ചിരുന്നില്ല. 'ജീവിക്കുന്ന രക്തസാക്ഷി' എന്ന അറിയപ്പെട്ട അദ്ദേഹത്തെ നൂറുകണക്കിനുപേരാണ് പലസമയങ്ങളിലായി വീട്ടില്‍ സന്ദര്‍ശിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിനിടെ സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സമ്മേളനവേദികളിലും കിടന്നകിടപ്പില്‍ പുഷ്പനെത്തിയത് സഖാക്കളുടെ ആവേശവും പ്രതീക്ഷയുമായി മാറി. ഒരിക്കലും തന്റെ ആവേശപ്പോരാട്ടത്തെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. പുഷ്പന്‍ ഓരോ പാര്‍ട്ടി അണികള്‍ക്കും അത്രമാത്രം ആവേശമായിരുന്നു. കൂത്തുപറമ്പിന്റെ മണ്ണിലെത്തുമ്പോള്‍ തീക്കാറ്റുപോലെ പുഷ്പന്റെ ഓര്‍മകള്‍ ഉയര്‍ന്ന് വരാത്തവരുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ തണലില്‍ സഖാക്കളുടെ പ്രിയപ്പെട്ടവനായി പുഷ്പന്‍ വലിയൊരു ജീവിതം ജീവിച്ചു തീര്‍ത്ത് ഒടുവില്‍ മടക്കം.
അവിചാരിതാമായാണ് അന്ന് സമരവേദിയില്‍ പുഷ്പന്‍ എത്തിയത്. സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാന്‍ ജോലി ആവശ്യമാണെന്ന ഘട്ടത്തില്‍ ബംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. സമരവേദിയിലേക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുഷ്പനും. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്.
സമരത്തില്‍ പങ്കെടുത്ത ശേഷം പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നത് ഒരുവര്‍ഷത്തിന് ശേഷമാണ്. മുണ്ടും ഷര്‍ട്ടുമിട്ട് വീട്ടില്‍ നിന്ന് പോയ പുഷ്പന്‍ തിരിച്ചെത്തിയത് സ്‌ട്രെച്ചറില്‍ കിടന്നുകൊണ്ട്. ആ കിടപ്പാണ് മുപ്പത് വര്‍ഷത്തോളം നീണ്ടു നിന്നത്. കൂത്തുപറമ്പ് സമരത്തില്‍ വെടിയേറ്റതാണെന്ന് അമ്മയും അച്ഛനും അറിഞ്ഞത് പോലും തിരിച്ചു വീട്ടിലെത്തിയപ്പോഴായിരുന്നു. അതുവരെ അവര്‍ കരുതിയത് കൈക്കോ കാലിനോ പരിക്കുപറ്റി ചികിത്സയിലാണെന്നായിരുന്നു. കടന്നുപോയ മുപ്പത് വര്‍ഷം പുഷ്പനെ മുന്നോട്ടുനയിച്ചത് മരുന്നിന്റേയും ചോരയുടേയും മണമുള്ള ജീവിതം കൂടിയാണ്.
'മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചില്‍ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന് സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഇനി അണയാത്ത ജ്വാല'.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക