തൃശൂര്‍: തൃശൂരില്‍ നടന്ന വന്‍ എടിഎം കൊള്ളയില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശം. മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്‍ച്ചയില്‍ എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശമാണ് പൊലീസിനെ വിവരം അറിയിച്ചത്.
വന്‍ കവര്‍ച്ചയെന്നറിച്ചതോടെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അന്വേഷണം ഏകോപിപ്പിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വെളുത്ത നിറത്തിലുള്ള കാറാണ് മൂന്ന് എടിഎമ്മുകളിലും എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരിങ്ങാലക്കുടയിലെ മാപ്രാണത്ത് പുലര്‍ച്ച 2.10നാണ് ആദ്യ കവര്‍ച്ച നടന്നത്. എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് പുലര്‍ച്ച 2.35ന് തൃശൂര്‍ റൂറല്‍ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് റൂറല്‍ പൊലീസ് സിറ്റി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ 3.08ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് പരിധിയിലെ ഷൊര്‍ണൂര്‍ റോഡ് എടിഎമ്മില്‍ രണ്ടാമത്തെ കവര്‍ച്ച അരങ്ങേറി. ഈ വിവരം 3.58ന് എസ്ബിഐയില്‍നിന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസിന് കിട്ടി. 3.25നാണ് വിയ്യൂര്‍ പൊലീസ് പരിധിയിലെ കോലഴിയില്‍ മൂന്നാമത്തെ കവര്‍ച്ച നടന്നത്. ഈ വിവരം 4.20ഓടെ എസ്.ബി.ഐ കണ്‍ട്രോള്‍ റൂം പൊലീസിനെ അറിയിച്ചു.
കവര്‍ച്ചസംഘം തമിഴ്നാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി, നാമക്കല്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്ന കവര്‍ച്ചാ സംഘമാണ് കവര്‍ച്ച നടത്തിയതെന്നും പൊലീസ് പറഞ്ഞു.
2017-18ല്‍ ആലപ്പുഴയിലും 2021ല്‍ കണ്ണൂരിലും സംഘം എത്തിയിട്ടുണ്ട്. തൃശൂരിലെത്തിയ സംഘത്തിന്റെ രീതിയും ശൈലിയും പരിശോധിച്ചാണ് ഹരിയാനയിലെ മേവത്തില്‍നിന്നുള്ള ഗ്യാസ് കട്ടര്‍ സംഘമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ കയറ്റുന്നത് ഈ സംഘത്തിന്റെ രീതിയാണെന്ന് മനസ്സിലാക്കിയിരുന്ന തൃശൂര്‍ പൊലീസ് കാറുകളും കണ്ടെയ്നര്‍ ലോറികളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു.
സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്പ്പെടുത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക