'വന്‍ഭൂരിപക്ഷത്തിന് നിങ്ങള്‍ തോല്‍ക്കും; ആര്യാടന്‍ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളുടെ കഥകള്‍ ഓരോന്നായി ആ രാത്രിയില്‍ അന്‍വര്‍ പറഞ്ഞു'

ഒരു ഗവണ്‍മെന്റ് സംവിധാനം മുഴുവന്‍ അതിന്റെ പിന്നില്‍ അണിനിരന്നുകൊള്ളണം എന്ന വാശി പ്രമാണിത്തമാണ്. ഇതെല്ലാം സ്വതന്ത്രന്‍ മാര്‍ ആവുമ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങളാണ് എന്ന് ഓര്‍ത്തോളണം.
p sreeramakrishnan- pv anvar
പി ശ്രീരാമകൃഷ്ണന്‍- പിവി അന്‍വര്‍ഫെയ്‌സ്ബുക്ക്
Published on
Updated on

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അന്‍വര്‍ മത്സരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയവരുടെ കൂട്ടത്തിലൊരാളാണ് താനെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അന്‍വറിന്റെ രീതികളെ കുറിച്ചുള്ള നല്ല ബോധ്യമുള്ളതു കൊണ്ടായിരുന്നു അത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അന്‍വര്‍ അതിര് കടന്നു എന്നാണ് ശ്രീരാമകൃഷ്ണന്റെ ആരോപണം. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീരാമകൃഷ്ണന്റെ പ്രതികരണം.

അന്‍വറുമായി 2006ല്‍ നടത്തിയ സംഭാഷണത്തെക്കുറിച്ചും ശ്രീരാമകൃഷ്ണന്‍ ഓര്‍മിച്ചു. കാര്യങ്ങള്‍ ഗ്രഹിക്കുമ്പോഴുള്ള സൂക്ഷ്മതയും ചടുലമായ വിലയിരുത്തലുകളും അദ്ദേഹത്തിന് നന്നായി വഴങ്ങുമെന്ന് തനിക്കപ്പോള്‍ ബോധ്യപ്പെട്ടുവെന്നും കാര്യങ്ങള്‍ കൈകാര്യം (മാനിപ്പുലേററ്) ചെയ്യാന്‍ അന്‍വറിന് ശേഷിയുണ്ടെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും അന്‍വറിപ്പോള്‍ പ്രമാണിത്തമാണ് കാണിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

അന്‍വര്‍ അതിരു കടന്നു.

2016-ല്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുന്നത് ഉചിതമായിരിക്കും എന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു ഞാന്‍. അത് അന്‍വറിനോടുള്ള ആരാധന മൂത്ത് ആത്മനിഷ്ഠമായിരുന്ന ഒരാഗ്രഹം മാത്രമായിരുന്നില്ല, അന്‍വറിന്റെ രീതികളെ കുറിച്ചുള്ള നല്ല ബോധ്യം കൊണ്ടായിരുന്നു. ശരിയായാലും തെററായാലും താനെടുക്കുന്ന നിലപാടുകളില്‍ ഏതററംവരേയും പോകുന്ന രീതി, സൂക്ഷ്മമായി കാര്യങ്ങളെ വിലയിരുത്തി നീങ്ങാനുള്ള കൗശലം, എല്ലാം ഉള്ളതുകൊണ്ടായിരുന്നു. ഇതെനിക്ക് മനസ്സിലായത് 2006-ല്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരിക്കല്‍ രാത്രിയില്‍ അന്ന് കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്ന അന്‍വര്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. എടവണ്ണ ഒതായിലുള്ള വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് നിഷ്‌കരുണം പറഞ്ഞു, ' നിലമ്പൂരില്‍ ജയിച്ചേക്കുമെന്ന തരംഗമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡി.വൈ.എഫ്.ഐ-ക്കാര്‍ ആവേശപൂര്‍വ്വം രംഗത്തിറങ്ങിയിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. കാരണം ആര്യാടന്‍ വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ രീതികള്‍ പലപ്പോഴും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പോലും പററില്ല. വന്‍ഭൂരിപക്ഷത്തിന് നിങ്ങള്‍ തോല്‍ക്കും'.എന്നിട്ട് നിലമ്പൂരിലെ ആര്യാടന്‍ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളുടെ കഥകള്‍ ഓരോന്നായി അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. കാര്യങ്ങള്‍ ഗ്രഹിക്കുമ്പോഴുള്ള സൂക്ഷ്മതയും ചടുലമായ വിലയിരുത്തലുകളും അദ്ദേഹത്തിന് നന്നായി വഴങ്ങുമെന്ന് എനിക്കപ്പോള്‍ ബോധ്യപ്പെട്ടു. കാര്യങ്ങള്‍ കൈകാര്യം (മാനിപ്പുലേററ്) ചെയ്യാനുള്ള ശേഷിയും ഉണ്ട് എന്നും ബോധ്യമായി.

പത്ത് കൊല്ലങ്ങള്‍ക്ക് ശേഷം 2016-ല്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹവുമായി കാണുകയുണ്ടായി. ' പാര്‍ട്ടി ചെയ്യേണ്ടത് ചെയ്തിരിക്കും നിങ്ങള്‍ക്കെന്തുപറ്റും'എന്ന് ഞാന്‍ ആരാഞ്ഞു. പാര്‍ട്ടി ചെയ്യേണ്ടത് ചെയ്താല്‍ ഞാന്‍ ജയിച്ചിരിക്കും എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു. അദ്ദേഹത്തിന് ആശങ്കകളും പരാതികളും വിമര്‍ശനങ്ങളും ഉണ്ടാകും. എന്നാല്‍ ഒരു ഗവണ്‍മെന്റ് സംവിധാനം മുഴുവന്‍ അതിന്റെ പിന്നില്‍ അണിനിരന്നുകൊള്ളണം എന്ന വാശി പ്രമാണിത്തമാണ്. ഇതെല്ലാം സ്വതന്ത്രന്‍ മാര്‍ ആവുമ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങളാണ് എന്ന് ഓര്‍ത്തോളണം. മലപ്പുറം ജില്ലയില്‍ നിന്നുള്ള എം.എല്‍.എ ആയിട്ട് പത്ത് കൊല്ലം പ്രവര്‍ത്തിച്ച അനൂഭവം എനിക്കുണ്ട്. അന്നൊന്നും താന്‍ പറയുന്നത് നടന്നില്ലല്ലോ എന്ന് കരുതി 'പോക്കിരിരാജ ' യാവുന്ന പ്രകൃതം സ്വീകരിച്ചിട്ടില്ല.

പാര്‍ട്ടി ചട്ടക്കൂടില്‍ അകത്ത് നില്‍ക്കുന്നത് ഒരു ദൗര്‍ബല്യമായിട്ടല്ല സുരക്ഷിതമായിട്ടാണ് ഞങ്ങള്‍ക്കെല്ലാം അനുഭവപ്പെട്ടത്. ഇവിടെ സ്ഥിതി മാറി. താന്‍ സ്വന്തമായി ചില കണ്ടെത്തലും നിരീക്ഷണങ്ങളുമായി വന്നിട്ടുണ്ട്, എല്ലാവരും അതംഗീകരിച്ച് അതിന്റെ പുറകില്‍ അണിനിരക്കണം എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങളേയും അനുഭാവികളേയും നയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം അസ്ഥാനത്താണ് എന്നാണ്.

സ്വര്‍ണ്ണം കടത്തുമ്പോള്‍ പിടിക്കേണ്ട ചുമതലയുള്ള കസ്റ്റംസ്‌കാര്‍ക്ക് പകരം പൊലീസ് എന്തിനിടപെടുന്നു എന്ന ചോദ്യം കൊള്ളമുതല്‍ കൊണ്ട് ഓടുന്ന കള്ളനെ പിടിക്കേണ്ടത് ഞാനോ നീയോ എന്ന് തര്‍ക്കിക്കുന്നത് പോലെ വിഡ്ഢിത്തം നിറഞ്ഞതാണ്. ഒരു പോലീസുദ്യോഗസ്ഥനെ മാററിയാല്‍ തന്റെ യുദ്ധം ജയിച്ചു എന്ന മട്ടിലുള്ള കാടിളക്കല്‍ അപക്വവും വെല്ലുവിളിയുമാണ്. സര്‍ക്കാര്‍ പരിശോധിച്ച് അറിയിക്കാം, നടപടിയെടുക്കാം എന്ന് പറഞ്ഞാല്‍ പോര, താന്‍പറഞ്ഞ ഡെഡ്‌ലൈന്‍ പാലിക്കണം എന്ന 'പോക്കിരിരാജ' ശൈലി എടുക്കാവുന്ന പാര്‍ട്ടിയോ ഗവണ്‍മെന്റോ അല്ലെന്നുള്ള ബോധ്യം അന്‍വറിനുണ്ടാവേണ്ടതായിരുന്നു. തന്റെ വാദം സമര്‍ത്ഥിക്കാനായി കാടുകുലുക്കി കരിമ്പിന്‍ തോട്ടത്തില്‍ ആന കയറിയ പോലെ പെരുമാറുന്നത് ശുദ്ധ അസംബന്ധമല്ലാതെ മറെറന്താണ്.

കോടൂരിലും കോട്ടയ്ക്കലിലുമായി കഴിഞ്ഞ ആറു പതിററാണ്ടായി മുസ്ലിം സമൂഹവുമായി ഏററവും അടുത്തിടപഴകികൊണ്ടിരിക്കുന്ന സ. ഇ.എന്‍. മോഹന്‍ദാസിനെ ആര്‍.എസ്.എസ് കാരനെന്ന് ആക്ഷേപിച്ചത് ഏത് യുക്തിയിലാണ്. സി.പി.എം. ജില്ലാ സെക്രട്ടറിയെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിന് പകരം ഇത്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞാല്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് അന്‍വര്‍ ഓര്‍ക്കണമായിരുന്നു. വ്യക്തിവൈരാഗ്യം കൊണ്ട് ആളിക്കത്തിക്കുന്ന മൂശയില്‍ നിന്ന് ഒന്നും വാര്‍ത്തെടുക്കാനാവില്ലെന്ന് കേരളം എത്രയോ തവണ കണ്ടതാണ്. ഒരു രാഷ്ട്രീയ പ്രശ്‌നം വളര്‍ന്ന് വരണമെങ്കില്‍ അതിനുവേണ്ട സാഹചര്യങ്ങള്‍ ഒരുങ്ങണം. അതൊന്നുമില്ലാതെ സ്വന്തം ബോധ്യത്തില്‍ നിന്ന് അന്‍വര്‍ നടത്തുന്ന ഇത്തരം വേഷങ്ങള്‍ ചരിത്രത്തില്‍ ഒഴുകി പോകുന്ന എത്രയോ പ്രളയങ്ങള്‍ക്ക് സമാനമായി ഒഴുകിയൊലിച്ച് തീരും.

നിലമ്പൂരിന്റെ ചരിത്രം ഒന്ന് വേറെയാണ്. സഖാവ് കുഞ്ഞാലിയുടെ രണസ്മരണ ഇരമ്പുന്ന നാട്. എല്ലാ പ്രമാണത്തേയും മറികടന്ന് മുന്നേറിയ, തോട്ടം തൊഴിലാളികളുടെ അഭിമാന സംരക്ഷണത്തിനായി മലമടക്കുകളിലെ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സഖാവിന്റെ ചരിത്രം പുകയുന്ന നാട്. താന്‍പ്രമാണിത്തങ്ങളില്‍ വീഴുകയില്ല. ചവിട്ടി മെതിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുക. വിനയപൂര്‍വ്വം പറയുന്നു, 'ഒരു പോക്കിരിരാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ല'

p sreeramakrishnan- pv anvar
'അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരുക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com