
കൊച്ചി: വൈദ്യുതി- ഗ്യാസ് ബില്ലിന്റെ 25 ശതമാനം പഞ്ചായത്ത് അടയ്ക്കും. കേരളത്തിലെ രണ്ട് പഞ്ചായത്തുകളില്‍ ഭരണം കയ്യാളുന്ന ട്വന്റി 20യുടേതാണ് പ്രഖ്യാപനം. ട്വന്റി 20 ഭരിക്കുന്ന എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ആണ് പുതിയ അനൂകൂല്യം നിലവില്‍ വരിക.
2025 - 26 സാമ്പത്തിക വര്‍ഷത്തിലേക്കായി പ്രഖ്യാപിച്ച പദ്ധതികളിലാണ് പുതിയ ഇളവുകള്‍ ഉള്‍പ്പെടുന്നത്. ക്ഷേമ പദ്ധതികളുടെ പേരില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് നേരത്തെയും ട്വന്റി 20 ശ്രദ്ധനേടിയിരുന്നു. ഇതിനിടെയാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.
'വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി, പാചക വാതക ബില്ലുകള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍, വൈദ്യുതി, പാചക വാതക ചെലവുകളുടെ 25 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നായിരുന്നു ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രഖ്യാപനം.
'ബില്ലുകള്‍ അടയ്ക്കുന്നതിന് പഞ്ചായത്ത് സര്‍പ്ലസ് (മിച്ച) ഫണ്ടില്‍ നിന്ന് ഒരു തുക നീക്കിവയ്ക്കും. പണം നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കും. 2025-26 വര്‍ഷത്തേക്ക് കിഴക്കമ്പലം പഞ്ചായത്തിന് 25 കോടി രൂപയുടെ ബജറ്റ് മിച്ചമുണ്ട്, ഐക്കരനാട് പഞ്ചായത്തില്‍ 12 കോടി രൂപയുണ്ട്. ഈ പണമായി ജനങ്ങള്‍ക്ക് തിരികെ നല്‍കുന്നത്. എല്ലാ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമുള്ള തുകയാണ് ഇത്തരത്തില്‍ നീക്കിവച്ചിരിക്കുന്നത്. അഴിമതിരഹിത ഭരണത്തിലൂടെയാണ് പഞ്ചായത്തുകള്‍ ബജറ്റ് മിച്ചം ഉണ്ടാക്കിയതെന്ന് ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു.
നിലവില്‍ 25 ശതമാനമാണ് പഞ്ചായത്ത് നല്‍കുക. ഭാവിയില്‍ വെള്ള റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ ഒഴികെയുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് 50 ശതമാനമാക്കും. രണ്ട് പഞ്ചായത്തുകളിലെയും 75 ശതമാനം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നും സാബു ജേക്കബ് പറഞ്ഞു.
'രണ്ട് പഞ്ചായത്തുകളിലെയും കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നല്‍കും. മാലിന്യ സംസ്‌കരണം ഫലപ്രദമായി ഉറപ്പാക്കുന്നതിനായി 71 കോടി രൂപയുടെ പദ്ധതികള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തി. എല്ലാ വീടുകളിലും ബയോ-ബിന്നുകള്‍ വിതരണം ചെയ്യും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനമേശകള്‍, പ്രായമായവര്‍ക്ക് കിടക്കകള്‍ എന്നിവയും നല്‍കും.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും വരുമാനം കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കുകയും ചെയ്താണ് പഞ്ചായത്തുകള്‍ മിച്ച ബജറ്റ് എന്ന നിലയിലേക്ക് വളര്‍ന്നത്. റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരത്തോടെ നിര്‍മ്മിച്ചതോടെടെ, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലാതായി. രണ്ട് പഞ്ചായത്തുകളിലും ഓരോ വര്‍ഷവും ശരാശരി 2.5 കോടി രൂപ മിച്ചമായി നീക്കിവയ്ക്കാന്‍ സാധിച്ചു. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷവും പഞ്ചായത്തുകള്‍ക്ക് ഇത്രയും ഉയര്‍ന്ന തുക ലാഭിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഇത്. 'ശമ്പളം നല്‍കാന്‍ പോലും പണം കടം വാങ്ങി ദൈനംദിന ചെലവുകള്‍ വഹിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ പഞ്ചായത്തുകളെ മാതൃകയാക്കാം എന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക