
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ വേതനം പരിഷ്‌കരിക്കുന്നതു പഠിക്കാന്‍ കമ്മിഷനെ വയ്ക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്മിഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നു സമരസമിതി വ്യക്തമാക്കി. ആശാ പ്രവര്‍ത്തകരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മൂന്നാം വട്ടമാണ് ചർച്ച നടത്തുന്നത്. മന്ത്രി തല ചർച്ച നാളെയും തുടരും. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു.
തല്‍ക്കാലം മൂവായിരം രൂപ വര്‍ധിപ്പിക്കുക, എന്നിട്ട് കമ്മിഷനെ വയ്ക്കാനുള്ള തീരുമാനം നടപ്പാക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചിട്ടും മന്ത്രിയും മറ്റ് ട്രേഡ് യൂണിയനുകളും അംഗീകരിച്ചില്ലെന്നു സമരസമിതി നേതാവ് എം എ ബിന്ദു പറഞ്ഞു. ചർച്ച പരാജയപ്പെട്ടതോടെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലേക്കു കടന്നു. റോഡിൽ കിടന്നും മുദ്രാവാക്യം വിളിച്ചും ആശാവർക്കർമാർ പ്രതിഷേധിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ വിരമിക്കല്‍ അനുകൂല്യത്തെ കുറിച്ചോ ചര്‍ച്ചചെയ്തിട്ടില്ല. കമ്മിറ്റി വെക്കുന്ന നിര്‍ദേശം ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് എന്നത്തേയും പോലെ ഇന്നും പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് താല്പര്യം ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ നടപടി ഉണ്ടാകില്ല. ഓണറേറിയം വെറും 3000 എങ്കിലും വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഒന്നും മിണ്ടുന്നില്ല. ചര്‍ച്ചയില്‍ ഞങ്ങള്‍ തൃപ്തരല്ല. സമരവുമായി ശക്തമായി മുന്നോട്ട് പോകും. പല പദ്ധതികള്‍ക്ക് 1000 കോടി സര്‍ക്കാര്‍ ചെലവാക്കുന്നു. മന്ത്രി വിളിച്ചാല്‍ അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സമരസമിതി നേതാവ് എസ് മിനി പ്രതികരിച്ചു.
സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വിയോജിപ്പ് അറിയിച്ച ആശാ വര്‍ക്കര്‍മാര്‍ സമരം തുടരാന്‍ തീരുമാനിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക