Kerala Library Council: വീട്ടുപടിക്കല്‍ പുസ്തകങ്ങളെത്തും; ലൈബ്രറി കൗസിലിന്റെ ഹോം ഡെലിവറി സര്‍വീസ് വരുന്നു

വായനവസന്തം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സംസ്ഥാനത്തെ 3,000 ലൈബ്രറികളിലേക്ക് വ്യാപിക്കുകയാണ്
Books will be delivered to your doorstep; home delivery service  introduced
പ്രതീകാത്മകംഫയൽ
Updated on

കണ്ണൂര്‍: വീടുകളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച മൊബൈല്‍ ലൈബ്രറി സേവനങ്ങള്‍ പുതിയ തലത്തിലേക്ക്. വീട്ടമ്മമാരെയും പ്രായമായവരെയും ഉദ്ദേശിച്ച് നടപ്പാക്കിയ വായനാവസന്തം പദ്ധതിക്ക് പിന്നാലെ ഹോം ഡെലിവറി സര്‍വീസും അവതരിപ്പിച്ചിരിക്കുകയാണ് കേരള ലൈബ്രറി കൗണ്‍സില്‍.

വായനവസന്തം പദ്ധതി, സംസ്ഥാനത്തെ 3,000 ലൈബ്രറികളിലേക്ക് വ്യാപിക്കുകയാണ്. 'വീട്ടിലേക്കൊരു പുസ്തകം' എന്ന പേരില്‍ കുടുംബങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനും അറിവില്‍ അധിഷ്ഠിതമായ ഒരു സമൂഹമെന്ന കേരളത്തിന്റെ പ്രശസ്തിയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുറഞ്ഞത് 3,000 പുസ്തക ശേഖരമുള്ള ലൈബ്രറികള്‍ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. 20 രൂപ പ്രതിമാസ നിരക്കില്‍ ഒരു കുടുംബത്തിന് ഈ സേവനം ഉപയോഗിക്കാം.

'ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഇ-ബുക്കുകള്‍ വായിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ തിരക്കേറിയ ജീവിതശൈലി കാരണം പലരും ലൈബ്രറിയില്‍ എത്തുന്നത് കുറവാണ്. 'വായനവസന്ത'ത്തിലൂടെ വീടുകളിലേക്ക് നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' കേരള ലൈബ്രറി കൗണ്‍സിലിന്റെ കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സെക്രട്ടറി പി കെ വിജയന്‍ പറഞ്ഞു. പദ്ധതി എ+, എ, ബി, സി ഗ്രേഡ് ലൈബ്രറികളുടെ സഹായത്തോടെയാണ് നടപ്പാക്കുക. ലൈബ്രേറിയന്മാര്‍ മാസത്തില്‍ ആറ് ദിവസം പുസ്തകങ്ങളുമായി വീടുകള്‍ സന്ദര്‍ശിക്കും, കൂടാതെ ഓരോ ലൈബ്രറിയിലും പരിപാടിയുടെ മേല്‍നോട്ടത്തിനായി ഒരു ഉപസമിതി രൂപീകരിക്കും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ശക്തമായ ഒരു വായനാ ശൃംഖലയുണ്ട്, ഓരോ 3,000 പേര്‍ക്കും ശരാശരി ഒരു ലൈബ്രറി എന്ന നിലയിലാണ് ഇത്. ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായി വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സാമൂഹിക മാറ്റത്തിനായി അറിവ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. വായനക്കാര്‍ പുസ്തകങ്ങളിലേക്ക് വരുന്നതിനുപകരം പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തണം,' പി കെ വിജയന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നിലവില്‍, കേരളത്തിലെ 630 ലൈബ്രറികളില്‍ മൊബൈല്‍ ലൈബ്രറി സേവനങ്ങളുണ്ട്. വായനവസന്തം പദ്ധതിയുടെ കീഴില്‍, ലൈബ്രറി കൗണ്‍സില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ കുറഞ്ഞത് 100 വീടുകളിലെങ്കിലും പുസ്തകങ്ങള്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ പദ്ധതി 3,00,000 വീടുകളില്‍ എത്തിച്ചേരുകയെന്നതാണ് ലക്ഷ്യമിടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് 10 ലക്ഷം വീടുകളിലേക്ക് പദ്ധതി നീട്ടുകയാണ് ലക്ഷ്യം.

പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ലൈബ്രേറിയന്‍മാര്‍ക്ക് പ്രതിമാസം 600 രൂപ അധികമായി നല്‍കും. കണ്ണൂര്‍ ജില്ലയാണ് പദ്ധതിയുടെ നടത്തിപ്പില്‍ മുന്നില്‍, ജില്ലയില്‍ 363 ലൈബ്രറികളില്‍ വായനവസന്തം അവതരിപ്പിച്ചു. ജില്ലയിലുടനീളമുള്ള നിരവധി ലൈബ്രറികള്‍ ഇതിനകം വീടുകളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com