
തിരുവനന്തപുരം: വയനാട്ടുകാരെ ഏറെ നാളായി ദുരിതത്തിലാക്കുന്ന അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയെ മുച്ചൂടും നശിപ്പിക്കുന്ന ഒരു പ്രാണിയെ കണ്ടെത്തി. വയനാടൻ കാടുകളിൽ വലിയ തോതിൽ വളർന്ന മഞ്ഞക്കൊന്ന കാടിന്റെ സ്വാഭാവിക വളർച്ച നശിപ്പിക്കുന്ന മരമാണ്. മഞ്ഞക്കൊന്ന കൂടുതലായി വളർന്നതോടെ കാടിന്റെ നാശവും തുടങ്ങി. ഇതോടെയാണ് വയനാടൻ പ്രദേശങ്ങളിൽ വന്യജീവി ശല്യം രൂക്ഷമായതും. ഐലൻഡ് പിൻഹോൾ ബോറർ എന്ന ഒരുതരം വണ്ടാണ് മരങ്ങൾ തിന്നു തീർക്കുന്നത്. മരത്തടി തുരന്നു അകത്ത് കടന്ന് ഈ പ്രാണി അവയെ നാശത്തിലേക്ക് നയിക്കുന്നു.
കേരള വന ഗവേഷണ സ്ഥാപനം പ്രാണിയെ നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങിയിട്ടുണ്ട്. വയനാട്ടിലെ കാക്കപ്പാടത്തെ കാടിനടുത്തുള്ള വന നിരീക്ഷകരാണ് ഇതിനെ ആദ്യം കണ്ടത്. ചില മഞ്ഞക്കൊന്ന മരങ്ങൾ ഉണങ്ങിപ്പോയതായി നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടു. മരങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് സംഘം പ്രാണികളെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി കെഎഫ്ആർഐയെ അറിയിച്ചു- വയനാട് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സൂരജ് ടിഎൻഐഇയോട് പറഞ്ഞു.
ഐലൻഡ് പിൻഹോൾ ബോറർ 2 മില്ലിമീറ്റർ നീളമുള്ള പ്രാണിയാണ്. ഇവ മഞ്ഞക്കൊന്ന മരങ്ങളുടെ തടിയിൽ ദ്വാരങ്ങൾ ഉണ്ടാക്കി മരത്തിനുള്ളിൽ വസിക്കുന്നു. പ്രാണികൾ തടി തുരന്നു ഉള്ളിൽ കയറിയാൽ അതിനുള്ളിൽ മുട്ടയിടുന്നു. ഇതിനൊപ്പം ഒരുതരം ഫംഗസും ഈ പ്രാണികൾ മരമാകെ പടർത്തും. ഫംഗസ് മരത്തെ ആഹാരമാക്കുന്നതോടെ മരം ഉണങ്ങി തുടങ്ങും. കെഎഫ്‌ആർഐയിലെ നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷനെ ഏകോപിപ്പിക്കുന്ന സജീവിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ആറ് മാസമായി പ്രാണിയെ നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്- കെഎഫ്ആർഐ ചീഫ് ശാസ്ത്രജ്ഞൻ ടിവി സജീവ് പറഞ്ഞു.
വയനാട്ടിലെ തകരപ്പടി, മുത്തങ്ങ വന മേഖലകളിലാണ് പ്രാണിയുടെ വൻതോതിലുള്ള ആക്രമണം ആദ്യം കണ്ടെത്തിയത്. അത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. 16-18 ദിവസമാണ് പ്രാണികളുടെ ആയുസ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആരതി എംഎസാണ് പരീക്ഷണത്തിലൂടെ ആയുസ് തിരിച്ചറിഞ്ഞത്.
2017 മുതലാണ് മഞ്ഞക്കൊന്ന എന്ന അധിനിവേശ സസ്യം വയനാടൻ കാടുകളിൽ കണ്ടു തുടങ്ങിയത്. 123.86 ചതുരശ്ര കിലോമീറ്ററുള്ള വനപ്രദേശം മുഴുവൻ മരം പടർന്നു പിടിക്കുകയായിരുന്നു. മഞ്ഞക്കൊന്ന മറ്റു മരങ്ങളേയും ചെറു സസ്യങ്ങളേയും വന്യജീവികളേയുമൊക്കെ ബാധിക്കാനും തുടങ്ങി. മഴക്കാലം പ്രാണികൾ അതിജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോൾ മഞ്ഞക്കൊന്ന നശിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ മാൻ, എരുമ, ആന തുടങ്ങിയ മൃഗങ്ങളെ കാണുന്നുണ്ട്. അവിടെ പുല്ലും മറ്റ് ചെറു സസ്യങ്ങളും വളരുന്നുണ്ട്- അധികൃതർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക