
കൊച്ചി: അതിജീവിതകള്‍ക്ക് പുതു ജീവിതത്തിലേക്ക് പ്രതീക്ഷകള്‍ പകരുന്ന പീസ് വാലിയുടെ നിര്‍ഭയ സെന്റര്‍ ഫോര്‍ വുമണ്‍ ഇന്‍ ഡിസ്ട്രസ് നാടിന് സമര്‍പ്പിച്ചു. പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. തലമുറകളിലേക്ക് നീളുന്ന നന്മയാണ് പീസ് വാലിയെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമായി മാറാനുള്ള സംവിധാനങ്ങള്‍ പീസ് വാലിക്ക് ഉണ്ടെന്നു അദ്ദേഹം ചൂണ്ടികാട്ടി.
വ്യത്യസ്ത കാരണങ്ങളാല്‍ തെരുവിലായി പോയ സ്ത്രീകള്‍, ശാരീരിക മാനസിക അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍,ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടവര്‍ തുടങ്ങി അതിജീവിതകളായ സ്ത്രീകള്‍ക്ക് അഭയവും പുനരധിവാസവും നല്‍കുന്ന പദ്ധതിയാണ് 'നിര്‍ഭയ' സെന്റര്‍ ഫോര്‍ വുമണ്‍ ഇന്‍ ഡിസ്ട്രസ്. അതിജീവിതകളായ സ്ത്രീകള്‍ക്ക് അഭയം നല്‍കി ശാസ്ത്രീയമായ പുനരധിവാസം ഉറപ്പുവരുത്തുന്ന രീതിയാണ് നിര്‍ഭയ മുന്നോട്ട് വെക്കുന്നത്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂതനമായ ചികിത്സയും മാനസികമായി കരുത്താര്‍ജിക്കാന്‍ കൗണ്‍സിലിങ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതിജീവിതകളായവരെ സ്വയം പര്യാപ്തതയോടെ ജീവിതത്തിലേക്ക് മടങ്ങി എത്താന്‍ ആസ്റ്റര്‍ ഡി എം ഫൌണ്ടേഷന്റെ സഹകരണത്തോടെ തയ്യല്‍ പരിശീലന കേന്ദ്രവും നിര്‍ഭയയില്‍ തയ്യാറാക്കിയിട്ടുണ്ട്. പത്ത് വാര്‍ഡുകളിലായി 150 പേര്‍ക്കുള്ള സൗകര്യമാണ് നിര്‍ഭയയില്‍ ഒരുക്കിയിട്ടുള്ളത്. മനസ്സിനേറ്റ ആഘാതങ്ങള്‍ പരിഹരിക്കാനായി ലൈബ്രറി, യോഗ, ക്രാഫ്റ്റ് പരിശീലനം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. പോക്‌സോ അതിജീവിതകളായ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും പത്യേകം വാര്‍ഡുകളും സജ്ജമാക്കിയിട്ടുണ്ട്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ വനിതാ ശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും സ്ത്രീകള്‍ തന്നെയാണ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആന്റണി ജോണ്‍ എം എല്‍ എ, നൂര്‍ മുഹമ്മദ് സേട്ട്, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, വനിതാ പ്രവര്‍ത്തക സമിതി കണ്‍വീനര്‍ റസിയ ചാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
പീസ് വാലി ഉപാധ്യക്ഷന്‍ സമീര്‍ പൂക്കുഴി തന്റെ പിതാമഹന്‍ മര്‍ഹൂം പൂക്കുഴി മൊയ്ദീന്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം പീസ് വാലിക്ക് സമ്മാനിച്ചാതാണ് നിര്‍ഭയ. സമീര്‍ പൂക്കുഴി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പീസ് വാലി ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കാസിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പീസ് വാലി ചെയര്‍മാന്‍ പി എം അബൂബക്കര്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. നിര്‍ഭയ കേന്ദ്രത്തിലെ വസ്ത്ര നിര്‍മാണ യൂണിറ്റിന്റെ ആദ്യ വില്പന ഡോ മുഹമ്മദ് കാസിം നിര്‍വഹിച്ചു. പീസ് വാലിയുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന കേന്ദ്രം ഒബറോണ്‍ മാള്‍ ചെയര്‍മാന്‍ എം എ മുഹമ്മദ് നിര്‍വഹിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക