VD Satheesan congratulate MA Baby: 'പിണറായി വിജയനും കാരാട്ടിനും വഴങ്ങാതെ പ്രവര്‍ത്തിക്കാനാകട്ടെ'; എം എ ബേബിക്ക് ആശംസകളുമായി വി ഡി സതീശന്‍

ബിജെപി ഫാസിസ്റ്റ് പോയിട്ട് നവഭാസിസ്റ്റ് പോലുമല്ല എന്ന് പറഞ്ഞ ആളാണ് പ്രകാശ് കാരാട്ട്, അതിനെ പിന്തുണച്ച ആളാണ് പിണറായി വിജയന്‍ എന്നും സതീശന്‍ പരിഹസിച്ചു
vd satheesan
വി ഡി സതീശന്‍ഫയൽ
Updated on

തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടിനും വഴങ്ങാതെ പ്രവര്‍ത്തിക്കാന്‍ എം എ ബേബിക്ക് കഴിയട്ടെ എന്നും വിഡി സതീശന്‍ തൃശൂരില്‍ പ്രതികരിച്ചു. ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ട പുരോഹിതന്റെ തൃശൂരിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മതേതര മുന്നണിയായ ഇന്ത്യ സഖ്യത്തിനോട് ചേര്‍ന്ന് സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും കാരാട്ടിനും വഴങ്ങാതെ എംഎ ബേബി മുന്നോട്ട് പോകാന്‍ തയ്യാറാകണം. ബിജെപി ഫാസിസ്റ്റ് പോയിട്ട് നവഫാസിസ്റ്റ് പോലുമല്ല എന്ന് പറഞ്ഞ ആളാണ് പ്രകാശ് കാരാട്ട് , അതിനെ പിന്തുണച്ച ആളാണ് പിണറായി വിജയന്‍ എന്നും സതീശന്‍ പരിഹസിച്ചു.

അതേസമയം, രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലേഖനം പിന്‍വലിച്ചത് കൊണ്ട് ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ല. ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആര്‍എസ്എസും ബിജെപിയും രാജ്യത്തിന് നല്‍കുന്നത്.

കത്തോലിക്കാ സഭയ്ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആര്‍എസ്എസ് മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഓര്‍ഗനൈസറില്‍ നിന്ന് ലേഖനം മുക്കി എന്നതു കൊണ്ട് അവരുടെ ലക്ഷ്യം ഇല്ലാതാകുന്നില്ല. അപകടകരമായ അവസ്ഥയിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. വഖഫ് ബില്ലിനെ ശക്തമായി എതിര്‍ത്തത് പോലെ ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേയും കോണ്‍ഗ്രസ് എതിര്‍ക്കും.

രാജ്യ വ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് ബിജെപിക്ക് മൗനമാണ്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുക എന്നതാണ് മറുപടി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയും. കപട ന്യൂനപക്ഷ സ്‌നേഹം കാട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് സംഘപരിവാറിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com