poratta and beef
പൊറോട്ടയും ബീഫും

Kasaragod: 'ബീഫും പൊറോട്ടയും കിട്ടിയില്ല'; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്.
Published on

കാസര്‍കോട്: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് സാഹസികമായി പിടികൂടി താഴെ എത്തിച്ചു. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്ഐ കെ വി പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്ന് ശ്രീധരന്‍ വാശി പിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ഇതിനിടയില്‍ എസ്ഐ കെ വി പ്രദീപനും സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com