
തൃശൂര്‍: പൂച്ചക്കുട്ടിയെ രക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ വണ്ടികള്‍ വരുന്നുണ്ടോ എന്ന് പോലും നോക്കാതെ റോഡ് മുറിച്ച് കിടക്കാന്‍ ഓടിയതാണ് തൃശൂര്‍ മണ്ണുത്തിയില്‍ യുവാവിന്റെ ജീവനെടുത്തത്. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയുടെ (42) മരണം നാടിന് തന്നെ നൊമ്പരമായിരിക്കുകയാണ്. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ 'ഓടല്ലേടാ' എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ഒരു വശത്ത് ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാല്‍ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്കരനായ സിജോയുടെ ദാരുണാന്ത്യം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനിലാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്. സിജോ വലിയ മൃഗസ്‌നേഹിയാണെന്നും വീട്ടിലും ഒരുപാട് വളര്‍ത്തു മൃഗങ്ങളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക