Fourth Anniversary : 'ഒരേ മനസോടെ യാത്ര തുടരേണ്ടതുണ്ട്'; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21 മുതല്‍ മേയ് 30 വരെ

'2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍'
pinarayi vijayan
മുഖ്യമന്ത്രി
Updated on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21 മുതല്‍ മേയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. ആ നിലക്ക് ഒമ്പതു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറുകയാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും നാടിന്റെ സമൃദ്ധമായ ഭാവി മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുക. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും മനസ്സിലാക്കാന്‍ പൊതു ജനങ്ങള്‍ക്ക് വിപുലമായ സൗകര്യം ഒരുക്കും. സര്‍ക്കാരും ജനങ്ങളുമായുള്ള ഇഴയടുപ്പം ദൃഢമാക്കാനും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാനും സഹായിക്കുന്നതായിരിക്കും വാര്‍ഷികാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഷികാഘോഷങ്ങള്‍ക്ക് ഏപ്രില്‍ 21 ന് കാസര്‍കോട് തുടക്കം കുറിക്കും. എല്ലാ ജില്ലകളിലും ജില്ലാ തല യോഗങ്ങള്‍ നടക്കും. അവയില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. പ്രദര്‍ശന വിപണന മേളകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട വ്യക്തികള്‍ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് കേരളത്തിന്റെ നേട്ടങ്ങളെല്ലാം സാധ്യമാക്കാന്‍ സര്‍ക്കാരിന് ഊര്‍ജവും പ്രചോദനവും നല്‍കുന്നത്. സര്‍ക്കാരിന്റെ മുന്നോട്ടുള്ള യാത്രയിലും ജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. ഒരേ മനസോടെയുള്ള ഈ യാത്ര തുടരേണ്ടതുണ്ട്. നാലാം വാര്‍ഷികാഘോഷം നമ്മുടെ സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി മാറും. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ആഘോഷത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com