Fake news : റിയാലിറ്റി ഷോ വിജയി മരിച്ചെന്ന വ്യാജ വാര്‍ത്ത; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞെന്ന് പൊലീസ്, അന്വേഷണം

അവിര്‍ഭാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്
Fake news on young singer’s death
ആവിർഭാവ് സോഷ്യൽ മീഡിയ
Updated on

കൊച്ചി: റിയാലിറ്റി ഷോയിലെ വിജയിയായ എട്ടു വയസ്സുകാരനായ ഗായകന്‍ അവിര്‍ഭാവ് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിര്‍ഭാവിന്റെ പിതാവ് കെ എസ് സജിമോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈനിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നത്.

ഇടുക്കി സ്വദേശിയായ എട്ടു വയസ്സുകാരന്‍ എസ് ആവിര്‍ഭാവ് നിലവില്‍ അങ്കമാലിക്ക് സമീപം നായത്തോട് കുടുംബസമേതം താമസിച്ചു വരികയാണ്. ആവിര്‍ഭാവ് മരിച്ചതായുള്ള ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള വ്യാജ വാര്‍ത്തകള്‍ മാര്‍ച്ച് അവസാന വാരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നിരവധി ഫെയ്‌സ്ബുക്ക് പേജുകളും യൂട്യൂബ് ചാനലുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനും യൂട്യൂബിനും അറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 336(4) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജാമ്യമില്ലാ കുറ്റമാണിത്.

കൂടാതെ ആശയവിനിമയ മാധ്യമങ്ങളിലൂടെ ശല്യമുണ്ടാക്കിയതിന് കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(o) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തിരിച്ചറിഞ്ഞ എഫ്ബി പേജുകളും ചാനലുകളും കൈകാര്യം ചെയ്യുന്നവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനും പൊലീസ് ആലോചിക്കുന്നു.

ഓണ്‍ലൈന്‍ ട്രാഫിക്കും പരസ്യ വരുമാനവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ പോസ്റ്റുകള്‍ സൃഷ്ടിച്ചതെന്ന് കരുതുന്നതായി ആവിര്‍ഭാവിന്റെ പിതാവ് സജിമോന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാര്‍ച്ച് 20 ന് ശേഷമാണ് വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്ത ചാനലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജിമോന്‍ കൂട്ടിച്ചേര്‍ത്തു.

2023 ല്‍ ഒരു പ്രമുഖ ടിവി ചാനലില്‍ സംപ്രേഷണം ചെയ്ത ദേശീയ തലത്തിലുള്ള റിയാലിറ്റി ഷോയിലാണ് ആവിര്‍ഭാവ് വിജയിച്ചത്. ക്ലാസിക് ഹിന്ദി ഗാനങ്ങളുടെ ശ്രദ്ധേയമായ ആലാപനത്തിലൂടെ റിയാലിറ്റി ഷോയില്‍ വിജയിയാകുമ്പോള്‍ ആവിര്‍ഭാവിന് വെറും ഏഴ് വയസ്സായിരുന്നു പ്രായം. ആവിര്‍ഭാവിന്റെ സഹോദരിക്കും സംഗീത പശ്ചാത്തലമുണ്ട്, 2018 ല്‍ ഒരു തെലുങ്ക് റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com