കള്ളിന്റെ 'മാര്‍ക്കറ്റ്' ഉയര്‍ന്നു; Liquor Policy: ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം

വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം
kerala liquor policy
റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയംപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി.

കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്.

മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ മദ്യനയവുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമെന്ന നയം തുടരും. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതിയും മദ്യം വിളമ്പാം

വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലും പൈതൃക റെസ്റ്റോറന്റുകളിലും ഡ്രൈ ഡേ ഒന്നാം തീയതി മദ്യം നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കും. മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്, വിവാഹം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, മറ്റ് സമ്മേളനങ്ങള്‍ എന്നിവയോട് അനുബന്ധിച്ചാണിത്. 50,000 രൂപ ഫീസ് ഈടാക്കി എക്സൈസ് കമീഷണറാണ് അനുമതി നല്‍കുക. ഏഴു ദിവസം മുമ്പ് അപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് (ഐആര്‍എസ്) സര്‍ട്ടിഫിക്കറ്റ് ഉള്ളതും കേരള മാരിടൈം ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്വകാര്യ യാനങ്ങള്‍ക്ക് വിനോദസഞ്ചാരികള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍, ജില്ലാതല ജനജാഗ്രത സമിതികള്‍ നിശ്ചിത ഇടവേളകളില്‍ ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവിലയിരുത്തും. തദ്ദേശ സ്ഥാപനതലത്തില്‍ ജനജാഗ്രത സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി വിരുദ്ധ ക്ലബ്ബുകളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 25 ശതമാനം തുക വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com