Smart Kitchen : സൗരോര്‍ജ്ജം ഉപയോഗിച്ച് പാചകം; 'സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍', സ്‌കൂള്‍ അടുക്കളകള്‍ ഇനി വേറെ ലെവല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടുക്കളകള്‍ സ്മാര്‍ട്ടാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി, വൈദ്യുതി വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെയാണ് 'സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍' നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്.
സൗരോര്‍ജ്ജം ഉപയോഗിച്ചാണ് സ്മാര്‍ട്ട് കിച്ചണ്‍ പ്രവര്‍ത്തിക്കുക. സൗരോര്‍ജ്ജ നിലയത്തില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച്, 500 വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ബണ്‍ രഹിത ഭക്ഷണം തയ്യാറാക്കാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോടിലെ കാഞ്ഞങ്ങാട് എസി കണ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി ആരംഭിച്ചു.
സൗരോര്‍ജം ഉപയോഗിച്ച് ആഹാരം പാകംചെയ്യാനും ബാക്കിവരുന്ന വൈദ്യുതി സ്‌കൂളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. മിച്ച വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കി വരുമാനവും നേടും വിധമാണ് പദ്ധതി നടപ്പാക്കുക. ഈ സംരംഭം 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം ഉറപ്പാക്കുകയും പരമ്പരാഗത പാചക രീതികള്‍ ഊര്‍ജ്ജക്ഷമതയുള്ള ബദലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ്, പാചകവാതകത്തിനും വൈദ്യുതിക്കുമായി സ്‌കൂളിന് പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ ചെലവ് വന്നിരുന്നു. പുതിയ സംവിധാനത്തിലൂടെ, പ്രതിമാസ വൈദ്യുതി ചാര്‍ജ് 1,200 രൂപയുടെ പത്തിലൊന്നായി കുറയുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. സോളാര്‍ പ്ലാന്റ് വഴി പ്രതിവര്‍ഷം 2,130 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും, അധിക ഊര്‍ജ്ജം ഗ്രിഡിലേക്ക് തിരികെ നല്‍കാമെന്നും പ്രതീക്ഷിക്കുന്നു.
'50 ലക്ഷം രൂപ ചെലവു വന്ന പദ്ധതിയില്‍, കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചു. പാചക ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് ബോയിലറും അനുബന്ധ യന്ത്രങ്ങളും സ്ഥാപിക്കുന്നതിനാണ് ശേഷിക്കുന്ന തുക ചെലവായത്. പ്രാദേശികമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതിക്കായി സ്‌കൂളില്‍ ഒരു പുതിയ കെട്ടിടവും നിര്‍മ്മിച്ചു.
പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പാചകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണ്‍ സംരംഭം ആരംഭിക്കുന്നത്. ഇതിനകം, സംസ്ഥാനത്തുടനീളമുള്ള 2,500 അങ്കണവാടികളില്‍ ഇലക്ട്രിക് പാചകം സജ്ജമാക്കാന്‍ ഇഎംസി സഹായിച്ചിട്ടുണ്ട്. ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്ററായി സ്ഥാപിച്ച കാസര്‍കോട് മാതൃക മറ്റ് സ്‌കൂളുകളിലും ആരംഭിക്കാനാകുമെന്ന് ഇഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക