Sfi: ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന; എസ്എഫ്‌ഐ പിരിച്ചുവിടണം: വിഡി സതീശന്‍

കേരളത്തിലെ ലഹരിവ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്‌ഐ എന്നും സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി ക്രിമിനലുകള്‍ ആക്കുകയാണെന്നും സതീശന്‍ പറഞ്ഞു
vd satheesan
വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Updated on

കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടനയായി എസ്എഫ്‌ഐ മാറിയിരിക്കുകയാണെന്നും സപിഎം ഇടപെട്ട് അതിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ തിരുവനന്തപുരത്തും ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് എസ്എഫ്‌ഐക്കാര്‍ നടത്തിയ ആക്രമണം അതിന്റെ തെളിവാണ്. കേരളത്തിലെ ലഹരിവ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്‌ഐ എന്നും സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി ക്രിമിനലുകള്‍ ആക്കുകയാണെന്നും സതീശന്‍ കാസര്‍കോട് പറഞ്ഞു.

ഇന്നലെ രാത്രി കേരള യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങിവന്ന കെഎസ്‌യുക്കാരെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടികളെ പോലും പുറകില്‍ നിന്നെത്തി മര്‍ദിച്ചു. കൊച്ചിയില്‍ ഇന്ന് വെളുപ്പാന്‍ കാലത്ത് എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക പരിപാടിയില്‍ കയറി അതിക്രമം നടത്തി. അവര്‍ ഉണ്ടാക്കിവച്ച ഭക്ഷണം മുഴുവന്‍ കഴിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. പ്രശ്‌നമുണ്ടാക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംഘടിതമായി വന്ന് അവര്‍ അക്രമണം നടത്തുകയായിരുന്നു. പത്തുപേര്‍ ആശുപത്രിയിലാണ്. സിപിഎം അഭിഭാഷകയൂണിയനില്‍പ്പെട്ടവര്‍ക്കും എസ്എഫ്്‌ഐക്കാരുടെ അടി കിട്ടിയെന്ന് സതീശന്‍ പറഞ്ഞു.

കേരളത്തിലെ എത് ക്യാംപസില്‍ മയക്കുമരുന്ന് പിടിച്ചാലും റാഗിങ് നടത്തിയാലും അതിന് പിന്നില്‍ എസ്എഫ്‌ഐ ആണ്. ലഹരിവ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്‌ഐക്കാര്‍. സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി ക്രിമിനലുകളാക്കുകയാണ്. സിപിഎം അതില്‍ നിന്ന് പിന്‍മാറണം. അവരോട് നശിച്ചുപോകരുതെന്ന് പറയണമെന്നും സതീശന്‍ പറഞ്ഞു.

ലഹരി മരുന്നിനെതിരെ അതിശക്തമായ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നേരെ മന്ത്രിസഭാ യോഗത്തില്‍ പോയി ഒന്നാം തീയതി മദ്യം വിളമ്പുമെന്ന് പ്രഖ്യാനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എന്തൊരു കാപട്യമാണ് ഇത്. ലഹരിക്കെതിരെ ആഞ്ഞടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് വാര്‍ത്താ സമ്മേളത്തില്‍ പറയും. കള്ളിനൊപ്പം ജവാനെ കൂടി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com