
തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. വയനാടന്‍ ഭൂപ്രകൃതിയില്‍ നിന്നും കണ്ടെത്തിയ തുമ്പിക്ക്, യൂഫേയ വയനാഡന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയ വയനാടിനെ ബഹുമാനിക്കുന്നതിനായിട്ടാണ്, വയനാടിനെ കൂടി പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് പുതിയ തുമ്പിയെ തിരിച്ചറിഞ്ഞത്. എന്റോമോണ്‍ ജേണലിന്റെ മാര്‍ച്ച് മാസത്തെ പതിപ്പില്‍ പുതിയ ഇനം തുമ്പിയെക്കുറിച്ച് ഔദ്യോഗികമായി വിവരിച്ചിട്ടുണ്ട്. യൂഫേയ്‌ഡേ കുടുംബത്തില്‍ പെട്ട പുതിയ ഇനത്തിന്, വയനാട് ടോറന്റ് ഡാര്‍ട്ട് എന്ന പൊതുനാമവും നല്‍കിയിട്ടുണ്ട്.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 2013 ല്‍ വയനാട്ടിലെ തിരുനെല്ലിയിലെ കാളിന്ദി നദിക്കരയില്‍ നടത്തിയ സര്‍വേയില്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും, കണ്ണൂരിലെ ആറളം, കര്‍ണാടകയിലെ കൂര്‍ഗിന്റെ പടിഞ്ഞാറന്‍ ചരിവുകള്‍ തുടങ്ങിയ മറ്റ് സ്ഥലങ്ങളില്‍ 2023 വരെ കൂടുതല്‍ നിരീക്ഷണങ്ങള്‍ തുടര്‍ന്നു.
'യൂഫിയ വയനാഡെന്‍സിസ് അതിന്റെ സമാനമായ ഇനങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നത് പിന്‍ചിറകുകളിലെ നീളമുള്ള കറുത്ത പാടുകള്‍, ആണ്‍വിഭാഗങ്ങളില്‍ നെഞ്ചിലെ വീതിയേറിയ വരകള്‍, പുരുഷ പ്രത്യുത്പാദന ഘടനയിലെ സവിശേഷതകള്‍ എന്നിവ മൂലമാണെന്ന് ഗവേഷകനായ അനൂജ് എസ് എസ് പറഞ്ഞു. യൂഫിയ സ്യൂഡോഡിസ്പാര്‍ എന്ന മറ്റൊരു ഇനവുമായി സാമ്യമുള്ളതിനാല്‍, ജനിതക പരിശോധന നടത്തി. എന്നാല്‍ 12.9% വ്യത്യാസം കാണിച്ചു. ഇതോടെ പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള 191-ാമത്തെ ഇനമാണിതെന്നും ഗവേഷകനായ കലേഷ് സദാശിവന്‍ പറഞ്ഞു. പുതിയ ഇനത്തിന് പ്രത്യേക ആവാസ വ്യവസ്ഥ ആവശ്യമാണ്. മേഘവിസ്‌ഫോടനങ്ങള്‍, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, മനുഷ്യന്‍ മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവ ഈ ഇനത്തിന് ഭീഷണിയാണെന്നും ഗവേഷര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക