Thodupuzha Murder: 'ദൃശ്യം സിനിമയുടെ നാലാം ഭാ​ഗം നടപ്പാക്കി'; ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

തട്ടിക്കൊണ്ടുപോകലുൾപ്പെടെ മുഴുവൻ കാര്യങ്ങളും ജോമോൻ നേരത്തെ എബിനുമായി പങ്കുവച്ചിരുന്നു.
Biju Joseph
ബിജു ജോസഫ്
Updated on

തൊടുപുഴ: തൊടുപുഴയിൽ ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമാണ് ഇയാൾ. ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു.

തട്ടിക്കൊണ്ടുപോകലുൾപ്പെടെ മുഴുവൻ കാര്യങ്ങളും ജോമോൻ നേരത്തെ എബിനുമായി പങ്കുവച്ചിരുന്നു. ഇരുവരുടെയും നിർണായക ഫോൺ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു. മാർച്ച് 15 മുതൽ നടന്ന ആസൂത്രണത്തിലും എബിന് പങ്കാളിത്തമുണ്ടെന്നാണ് സൂചന. ക്വട്ടേഷൻ സംഘാം​ഗങ്ങളെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അന്നും ജോമോൻ എബിന് വിവരങ്ങൾ നൽകി. ഓമ്നി വാൻ കിട്ടുമോ എന്നും ജോമോൻ എബിനോട് ചോദിച്ചു.

കൃത്യത്തിന് ശേഷം പുതിയ ഫോൺ വാങ്ങാൻ ജോമോന് പണം നൽകിയതും എബിനാണെന്നാണ് വിവരം. ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കി. ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോന്‍റെ ഭാര്യയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിലാണ്.

ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകി മാറി നിൽക്കുകയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇവരുടെ അറസ്റ്റും ഉടനുണ്ടായേക്കും. തെളിവ് നശിപ്പിക്കലുൾപ്പെടെയുളള വകുപ്പ് ഇവർക്കെതിരെ ചുമത്തും. ജോമോൻ, മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞമാസമാണ് പുലർച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്.

വാഹനത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിങ് ഗോഡൗണിലെ മാൻ ഹോളിനുള്ളിൽ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com