അതിരപ്പിള്ളിയില്‍ നാളെ ഹര്‍ത്താല്‍

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയുമാണ് കൊല്ലപ്പെട്ടത്.
അതിരപ്പിള്ളിയില്‍ നാളെ ഹര്‍ത്താല്‍
അതിരപ്പിള്ളിയില്‍ നാളെ ഹര്‍ത്താല്‍Center-Center-Coimbatore
Updated on

തൃശൂര്‍: നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാട്ടാനയാക്രമണത്തിന് സ്ഥിരപരിഹാരം ആവശ്യമാണെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയുമാണ് കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സതീശന്‍ ഭാര്യ രമ, രമയുടെ ചേച്ചി അംബിക ഭര്‍ത്താവ് രവി എന്നിവര്‍ തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് വനത്തില്‍ വഞ്ചിക്കടവില്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ഇവര്‍.

ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇവര്‍ക്കു പുറമേ ബന്ധുക്കളായ രമ, രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ നാലുപേരും ചിതറിയോടി. അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സതീഷിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പുഴയില്‍ ചാടിയ രമയും രവിയും സുരക്ഷിതരാണ്.

മദപ്പാടിലുള്ള മഞ്ഞക്കൊമ്പന്‍ എന്ന ആനയാണ് ആക്രമിച്ചതെന്നാണ് വിവരം. വനംവകുപ്പ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് തന്നെ ഇന്‍ക്വസ്റ്റ് നടത്തിയശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ഇതേ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മലക്കപ്പാറയില്‍ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com