'എനിക്ക് അതൊരു വിഷുക്കൈനീട്ടം പോലെ തോന്നി'; പ്രധാനമന്ത്രിയുടെ പ്രശംസയെക്കുറിച്ച് ചേറ്റൂർ ശങ്കരൻ നായരുടെ കൊച്ചുമകൻ

'ദ് കേസ് ദാറ്റ് ഷുക്ക് ദ് എംപയർ' എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന കേസരി ചാപ്റ്റർ 2 എന്ന ചിത്രം ഈ മാസം 18 ന് റിലീസിന് ഒരുങ്ങുകയാണ്.
Pushpa and Raghu Palat
രഘു പാലാട്ട്, പുഷ്പഎക്സ്പ്രസ്
Updated on

പാലക്കാട്: എഴുത്തുകാരായ രഘു പാലാട്ടിനും ഭാര്യ പുഷ്പയ്ക്കും ഇത്തവണത്തെ വിഷു അൽപ്പം സ്പെഷ്യൽ ആണ്. ഇന്ത്യയുടെ കൊളോണിയൽ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച അമൃത്സറിൽ നിൽക്കുമ്പോൾ ഒരു അപ്രതീക്ഷിത വാർത്ത അവരെ തേടിയെത്തി. തന്റെ മുത്തച്ഛൻ സർ ചേറ്റൂർ ശങ്കരൻ നായരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ച വാർത്തയായിരുന്നു അത്.

"എനിക്ക് അതൊരു വിഷുക്കൈനീട്ടം പോലെ തോന്നി,"- ആ നിമിഷത്തെക്കുറിച്ച് വികാരഭരിതനായി രഘു ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "സർക്കാരിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നിന്ന് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നത് തന്നെ, ലോകം ഞങ്ങൾക്കൊപ്പം ഉള്ളതു കൊണ്ടാണ്".- രഘു വ്യക്തമാക്കി. ​

ര​ഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്ന് രചിച്ച 'ദ് കേസ് ദാറ്റ് ഷുക്ക് ദ് എംപയർ' എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന കേസരി ചാപ്റ്റർ 2 എന്ന ചിത്രം ഈ മാസം 18 ന് റിലീസിന് ഒരുങ്ങുകയാണ്. അക്ഷയ് കുമാർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. തിങ്കളാഴ്ച ഹരിയാനയിലെ യമുന നഗറിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരൻ നായരെ പ്രശംസിച്ചത്. 1857ൽ പാലക്കാട് ജില്ലയിലെ മങ്കരയിൽ ചേറ്റൂർ കുടുംബത്തിലാണ് ശങ്കരൻ നായരുടെ ജനനം.

"ശങ്കരൻ നായർ എന്നൊരാൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ പേര് പലരും കേട്ടിട്ടുണ്ടാകില്ല. ബ്രിട്ടീഷ് സർക്കാരിൽ ഉയർന്ന പദവി വഹിച്ചിരുന്ന ഒരു പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. എല്ലാ ആനുകൂല്യങ്ങളും ആഢംബരങ്ങളും അദ്ദേഹത്തിന് ആസ്വദിക്കാമായിരുന്നു, പക്ഷേ അദ്ദേഹം അതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങൾ ശങ്കരൻ നായരെക്കുറിച്ച് അറിയണം. എല്ലാ മുതിർന്നവരും കുട്ടികളും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നാം അദ്ദേഹത്തെ ഓർക്കണം, അദ്ദേഹം നമ്മുടെ ദേശ സ്നേഹത്തിന്റെ പ്രചോദനവും പ്രതീകവുമാണ്".- മോദി പറഞ്ഞു.

1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെത്തുടര്‍ന്ന് വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍ നിന്ന് രാജിവെക്കുകയും സര്‍ പദവി വേണ്ടെന്ന് വെക്കുകയും ചെയ്തു ശങ്കരൻ നായർ. ജാലിയന്‍ വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ മൈക്കിള്‍ ഫ്രാന്‍സിസ് ഒ ഡയറിനെതിരേയും ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരേയും സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ലണ്ടില്‍ ചെന്ന് കേസ് വാദിക്കുകയും ലോകശ്രദ്ധയില്‍ ജാലിയന്‍ വാലാബാഗ് സംഭവത്തെ എത്തിക്കുകയും ചെയ്തു.

പിന്നീട് ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് ഒ ഡയറിനെ ആ സ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു. അക്കാര്യം നടപ്പിലാവുകയും ചെയ്തു. അതിനു പിന്നില്‍ സര്‍ ചേറ്റൂർ ശങ്കരന്‍ നായരുടെ പോരാട്ടമായിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുമ്പോഴും അവരുടെ ആജ്ഞാനുവര്‍ത്തിയാകാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന് രാജ്യത്തിനു വേണ്ടി പോരാടി എന്നിടത്താണ് സര്‍ സി ശങ്കരന്‍നായരുടെ മഹത്വം നിലനില്‍ക്കുന്നത്.

കരൺ സിങ് ത്യാഗി ആണ് കേസരി ചാപ്റ്റർ 2 സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിനൊപ്പം ചിത്രത്തിൽ ആർ മാധവനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. "വളരെ മികച്ച പെർഫോമൻസ് ആണ് അവരുടേത്. പ്രത്യേകിച്ചും കോടതി മുറിയിലെ രംഗങ്ങളൊക്കെ. യഅക്ഷയ് കുമാർഥാർഥ വിചാരണയുടെ ഗൗരവവും വികാരവുമെല്ലാം അവർ അതേ പോലെ പകർത്തി. കണ്ടപ്പോൾ ഞങ്ങൾ വികാരാധീനരായി". - ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം രഘു പാലാട്ട് പറഞ്ഞു.

"യുദ്ധക്കളങ്ങളിൽ നിന്ന് മാത്രമല്ല സ്വാതന്ത്ര്യം നേടിയത് എന്ന് യുവാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ സിനിമ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു".- പുഷ്പ പാലാട്ട് പറഞ്ഞു. നിലവിൽ മുംബൈയിലാണ് സ്ഥിരതാമസമെങ്കിലും മുത്തച്ഛന്റെ ഓർമകളുറങ്ങുന്ന പാലാട്ട് കുടുംബത്തേക്ക് എല്ലാ വർഷവും രഘുവും പുഷ്പയും എത്താറുണ്ട്.

"സർ ചേറ്റൂർ ശങ്കരൻ നായരുടെ കഥ അത് അർഹിക്കുന്ന രീതിയിൽ പറഞ്ഞിട്ടില്ലെന്ന് ഞങ്ങൾക്ക് എപ്പോഴും തോന്നിയിരുന്നു. അതുകൊണ്ട്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികം അടുത്തപ്പോൾ, അതിനുള്ള സമയമായെന്ന് ഞങ്ങൾക്ക് മനസ്സിലായി," രഘു പാലാട്ട് കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com