
ആലപ്പുഴ: മാന്നാറില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ വീടിന് തീവെച്ചത് മര്‍ദ്ദനത്തില്‍ സഹികെട്ട് അച്ഛന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പ്രതി വിജയനോട് പറഞ്ഞ ദിവസം. സ്വത്തുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കുന്നതും മാതാപിതാക്കളെ വിജയന്‍ മര്‍ദിക്കുന്നതും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (96) ഭാര്യ ഭാരതി (85) എന്നിവരെ വീടിന് തീയിട്ട് മകന്‍ വിജയന്‍ കൊലപ്പെടുത്തി എന്നതാണ് കേസ്.
അച്ഛന്‍ രാഘവനെ കഴിഞ്ഞ വ്യാഴാഴ്ച വിജയന്‍ മര്‍ദ്ദിക്കുകയും കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ഉണ്ടായി. ഇതിനെതിരെയാണ് രാഘവന്‍ മാന്നാര്‍ പൊലീസില്‍ വിജയനെതിരെ പരാതി നല്‍കിയത്. ശനിയാഴ്ച വിജയന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അറിയിച്ചിരുന്നു. സ്വത്തുതര്‍ക്കത്തിനൊപ്പം പരാതി നല്‍കിയതിന്റെ ദേഷ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
വൃദ്ധദമ്പതികളുടെ കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് പറയുന്നു. രാഘവനും ഭാരതിക്കും അഞ്ച് മക്കളാണുള്ളത്. ഇവരുടെ പേരില്‍ 18.5 സെന്റ് വസ്തുവുമുണ്ട്. വസ്തു ഭാഗവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് ഉണ്ടായിരുന്നത് 10 വര്‍ഷത്തിനുശേഷം വിധിയായി. എന്നാല്‍ കോടതിയില്‍ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഭാഗംവയ്പ് നടന്നില്ല. മക്കളില്‍ മൂന്നുപേര്‍ നേരത്തെ മരിച്ചു. ഇപ്പോള്‍ മകന്‍ വിജയന്‍ അഞ്ചുമാസമായി മാതാപിതാക്കളോടൊപ്പമാണ് താമസം. പ്രവാസിയായ വിജയന്‍ മണല്‍ ഏജന്റാണ്. ഭാര്യയുമായി ഏഴുവര്‍ഷമായി പിണങ്ങിക്കഴിയുകയാണ് ഇയാള്‍.
വിവിധ പമ്പുകളില്‍ നിന്നും ആറുലിറ്റര്‍ പെട്രോള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ച ശേഷം കൃത്യം നടത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. പെട്രോള്‍ വാങ്ങിയ പമ്പുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു. കൊന്നതിനുശേഷം തീയിട്ടതാണോ തീപിടിത്തത്തില്‍ മരിച്ചതാണോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ടിന്‍ഷീറ്റില്‍ നിര്‍മിച്ച വീട് പൂര്‍ണമായി കത്തിയമര്‍ന്നു. കത്തിയമര്‍ന്ന മുറിക്കുള്ളില്‍ രാഘവന്‍, ഭാര്യ ഭാരതി എന്നിവരെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വത്തുതര്‍ക്കംമൂലം മകളും കുടുംബവും വാടകവീട്ടിലേക്ക് മാറിയതോടെയാണ് വീട്ടില്‍ വിജയനും മാതാപിതാക്കളും മാത്രമായത്. പുലര്‍ച്ചെ മൂന്നോടെ തീ ആളിക്കത്തുന്നത് കണ്ട് പരിസരവാസികള്‍ സമീപത്തെ കിണറുകളില്‍ നിന്നും ടാങ്കുകളില്‍ നിന്നും വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മാന്നാര്‍ പൊലീസും മാവേലിക്കര അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക