വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടി; വിജിലന്‍സ് പിടിയിലായ മുന്‍ ആര്‍ടിഒ ജേഴ്‌സണെതിരെ പരാതിപ്രളയം

കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി എം ജേഴ്‌സണെതിരെ പരാതി പ്രളയം.
rto arrested on bribe case, updation
ടി എം ജേഴ്‌സൺ
Updated on

കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി എം ജേഴ്‌സണെതിരെ പരാതി പ്രളയം. വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടിയെന്ന പരാതിയുമായി ഇടപ്പള്ളി സ്വദേശി രംഗത്തുവന്നു.

ആര്‍ടിഒ ജേഴ്‌സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ 'പണി തരുമെന്ന്' ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണ് യുവാവ് അല്‍ അമീന്‍.

വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചെന്ന് അല്‍ അമീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയ്‌ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് അല്‍ അമീന്‍. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്‌സണ്‍, 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആര്‍ടിഒ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

കടയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്ന് കരാര്‍ ഒപ്പിട്ടു. പിന്നീട് ആര്‍ടിഒ, ഭാര്യയുടെയും അല്‍ അമീന്റെയും പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷനും ജോയിന്റ് അക്കൗണ്ടുമടക്കം തുടങ്ങി. എന്നാല്‍ കച്ചവടം മെച്ചപ്പെട്ടിട്ടും അല്‍ അമീന് പണം തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിറ്റ് വരവ് കണക്കുകള്‍ മൂടിവച്ചുവെന്നാണ് ആരോപണം. സഹികെട്ട് പണം തിരികെ ചോദിച്ചു ചെന്ന തന്നെ പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പണം ചോദിച്ച് വീട്ടിലേക്ക് ചെന്നാല്‍ പട്ടിയെ തുറന്ന് വിടുമെന്നും ആര്‍ടിഒ ജഴ്സണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമനടപടിക്ക് മുതിര്‍ന്നെങ്കിലും ഭയം കാരണം മുന്നോട്ട് പോയില്ല. ഒടുവില്‍ കൈക്കൂലി കേസില്‍ ആര്‍ടിഒ അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് ധൈര്യം സംഭരിച്ച് പൊലീസിനെ സമീപിച്ചതെന്നും യുവാവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com