തൊഴില്‍ സമ്മർദം കൂടുതല്‍ ഐടി, മാധ്യമ മേഖലകളിൽ, മദ്യപാന ശീലം കൂടുന്നു

പുരുഷൻമാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതൽ സമ്മർദം നേരിടുന്നത്.
Stress in media
യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിൽപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ മേഖലകളാണ് തൊഴിൽ സമ്മർദത്തിൽ തൊട്ടുപിന്നിൽ. 30–39 പ്രായപരിധിയിലുള്ളവരാണ് കൂടുതൽ തൊഴിൽ സമ്മർദം അനുഭവിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. പുരുഷൻമാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതൽ സമ്മർദം നേരിടുന്നത്. ഇതുമൂലം മാനസിക, ശാരീരിക പ്രശ്നങ്ങൾ കൂടുതൽ നേരിടുന്നതും സ്ത്രീകളാണ്.

ജോലിഭാരം കാരണം തൊഴിൽ–ജീവിത സന്തുലനം തെറ്റിയതായി 68.25% പേരും വ്യക്തമാക്കി. ഇതിലും സ്ത്രീകളാണ് കൂടുതൽ. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിൽ സമ്മർദത്തിന്റെ മുഖ്യകാരണമായി കണ്ടെത്തി. തൊഴിൽ സമ്മർദം നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം കൂടുന്നതായും സർവേ വ്യക്തമാക്കുന്നു.

18–40 പ്രായത്തിലുള്ള 1,548 പേരാണ് സർവേയിൽ പങ്കെടുത്തത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശുപാർശകൾ കൂടി ഉൾപ്പെടുന്ന റിപ്പോർട്ട് കമ്മിഷൻ ചെയർമാൻ എം ഷാജർ മുഖ്യമന്ത്രിക്കു കൈമാറി. ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മാർച്ച് 3, 4 തീയതികളിൽ കഴക്കൂട്ടത്ത് സെമിനാർ സംഘടിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com