'കലക്കൻ കല'യിൽ അലിഞ്ഞ് തലസ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂര്‍ രണ്ടാം സ്ഥാനത്ത്
Kerala School Kalolsavam
കൊല്ലം ക്രിസ്തുരാജ എച്ച്എസ്എസിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഘ നൃത്തം ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
Updated on

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനത്തിലെ മത്സരങ്ങൾ പുരോ​ഗമിക്കുന്നു. ഒന്നാം വേദിയിൽ അരങ്ങേറിയ സംഘ നൃത്തം പതിവു പോലെ നിറങ്ങളുടെ വിസ്മയ കാഴ്ച തന്നെയൊരുക്കി. സംഘ നൃത്തം നിറഞ്ഞ സ​ദസിലാണ് അരങ്ങേറിയത്. ഒപ്പന മത്സരം കാണാനും നിരവധി പേർ എത്തി. മം​ഗലം കളി മത്സരവും കാണികളെ ആകർഷിച്ചു. പളിയ, ഇരുള നൃത്തങ്ങളും കാണികൾക്കു കൗതുകമായി.

ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളുടെ അതിജീവന നൃത്തവും ആദ്യ ദിനത്തിലെ ശ്രദ്ധേയ അവതരണമായി. വെള്ളാർമല സ്കൂളിലെ ഏഴ് കുട്ടികൾ ഉദ്ഘാടന വേദിയിൽ സംഘ നൃത്തം അവതരിപ്പിച്ചു. നൃത്തം കളിച്ച ഏഴ് കുട്ടികളും ചൂരൽമലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ട് പേർ ദുരന്തത്തിന്റെ ഇരകളുമായിരുന്നു. ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നു.

36 മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് മുന്നിൽ. ഇരു ജില്ലകള്‍ക്കും 180 പോയിന്‍റുകള്‍ വീതം. രണ്ടാം സ്ഥാനത്ത് തൃശൂര്‍. അവര്‍ക്ക് 179 പോയിന്‍റുകള്‍.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 83 പോയിന്റുകളുമായി കണ്ണൂരാണ് മുന്നില്‍. 81 പോയിന്‍റുകളുമായി തിരുവനന്തപുരം കണ്ണൂര്‍, എറണാകുളം ജില്ലകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു.

ഹൈസ്‌കൂൾ വിഭാഗത്തിൽ തൃശൂരാണ് മുന്നിൽ കുതിക്കുന്നത്. അവർക്ക് 101 പോയിന്റുകൾ. 99 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 97 പോയിന്റുമായി കണ്ണൂർ മൂന്നാമതും നിൽക്കുന്നു.

സ്കൂളുകളിൽ ആലത്തൂർ ​ഗുരുകുലമാണ് മുന്നിലുള്ളത്. അവർക്ക് 35 പോയിന്റുകൾ. 31 പോയിന്റുമായി കണ്ണൂർ സെന്റ് തേരാസസാണ് രണ്ടാമത്. തിരുവനന്തപുരം കാർമൽ സ്കൂളാണ് മൂന്നാമത്. അവർക്ക് 25 പോയിന്റുകൾ.

പതിനൊന്നു മണിയോടെയാണ് കലാമത്സരങ്ങൾക്കു തുടക്കമായത്. അനന്തപുരിയിലേക്ക് എട്ടു വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം വിരുന്നെത്തുന്നത്.

2016ൽ തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ കണ്ണൂരായിരുന്നു ചാംപ്യൻമാർ. കോഴിക്കോട് രണ്ടാം സ്ഥാനത്തായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com