'ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു'; എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം പുറപ്പെട്ടു, അറിയാം 10 ദിവസത്തെ യാത്ര- വിഡിയോ

ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നിന്ന് എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദര്‍ശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു
Erumeli Pettathullal
എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം പുറപ്പെട്ടപ്പോൾ
Updated on

ആലപ്പുഴ: ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നിന്ന് എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദര്‍ശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാണ് ശരണം വിളികളുടെ അകമ്പടിയോടെ സംഘം മല കയറാന്‍ യാത്രയായത്.

സമൂഹപ്പെരിയോന്‍ എന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് 10 ദിവസത്തെ യാത്ര നടത്തുന്നത്. ഞായറാഴ്ച രാത്രിയോടെ അയ്യപ്പന്മാര്‍ ഇരുമുടിക്കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയിരുന്നു.പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി സമൂഹപ്പെരിയോനു കൈമാറി. പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലാണ് തിടമ്പു കൊണ്ടുപോകുന്നത്. 35 മാളികപ്പുറങ്ങള്‍ ഉള്‍പ്പെടെ 250 ഓളം സ്വാമി ഭക്തര്‍ യാത്രയെ അനുഗമിക്കും. സംഘം രക്ഷാധികാരി കളത്തില്‍ ചന്ദ്രശേഖരനാണ് സംഘത്തെ യാത്രയാക്കിയത്.

ആദ്യദിനത്തില്‍ അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളില്‍ സംഘം ദര്‍ശനം നടത്തും. മല്ലശ്ശേരി മഹാദേവക്ഷേത്രത്തില്‍ ഉച്ചഭക്ഷണം. തകഴി ധര്‍മശാസ്താ ക്ഷേത്രത്തിലാണ് വിരിവെക്കല്‍. രണ്ടാം ദിനം രാവിലെ 7.30-നു യാത്ര തുടങ്ങും. ഉച്ചഭക്ഷണം ആനപ്രമ്പാല്‍ ക്ഷേത്രത്തിലാണ്. കവിയൂര്‍ ക്ഷേത്രത്തില്‍ രാത്രി വിശ്രമം. മൂന്നാം ദിവസം രാവിലെ പുനരാരംഭിക്കുന്ന യാത്രയില്‍ മണിമല ക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കും. വിരിവെക്കല്‍ മണിമലക്കാവ് ദേവീക്ഷേത്രത്തില്‍.

ഒന്‍പതിന് മണിമലക്കാവില്‍ ആഴിപൂജ നടത്തും. പത്താംതീയതി സംഘം എരുമേലിയിലെത്തും. പകല്‍ 11-നാണ് പേട്ടതുള്ളല്‍. തുടര്‍ന്ന് പേട്ടകെട്ടു തുടങ്ങും.രാവിലെ പേട്ടപ്പണം വെക്കല്‍ ചടങ്ങോടെ പേട്ടകെട്ടിന് ആരംഭമാകും. തുടര്‍ന്ന് ചെറിയ അമ്പലത്തില്‍ എത്തി പേട്ടതുള്ളലിന് തയ്യാറെടുപ്പുകള്‍ നടത്തും. ചായം പൂശി പച്ചില തൂപ്പുകളും ശരക്കോലും കയ്യിലേന്തിയാണ് പേട്ടതുള്ളുന്നത്. 12 മണിയോടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ശ്രീ കൃഷ്ണപ്പരുന്തിനെ ദര്‍ശിക്കുന്നതോടെ തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ട തുള്ളല്‍ ആരംഭിക്കും.

പേട്ടതുള്ളലിന് അനുവാദം നല്‍കുന്നതിനും പേട്ടതുള്ളലില്‍ പങ്കെടുക്കുന്നവരെയും ദര്‍ശിക്കുന്നവരെയും അനുഗ്രഹിക്കുവാനായി ഭഗവാന്‍ ഗരുഡാരൂടനായി എത്തുന്നു എന്നതാണ് വിശ്വാസം. കൊച്ചമ്പലത്തില്‍ നിന്ന് ഇറങ്ങുന്ന പേട്ടതുള്ളല്‍ നേരെ വാവര് പള്ളിയില്‍ പ്രവേശിക്കും. കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും പള്ളി ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും. വാവര്‍ പ്രതിനിധി സംഘത്തോടൊപ്പം വലിയ അമ്പലത്തിലേക്ക് നീങ്ങും. അമ്പലപ്പുഴ സമൂഹ പെരിയോനും വാവര്‍ പ്രതിനിധിയും തോളോട് തോള്‍ ചേര്‍ന്ന് എരുമേലിയുടെ വീഥികളിലൂടെയുള്ള യാത്ര മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമാണ്. ക്ഷേത്രത്തിലെത്തുന്ന വാവര്‍ പ്രതിനിധിയെയും സമൂഹ പെരിയോനൊപ്പം ആചാരപരമായി സ്വീകരിക്കും. ക്ഷേത്രപ്രദക്ഷിണശേഷം നമസ്‌കാരം നടത്തുന്നതോടെ പേട്ട തുള്ളലിന് സമാപനമാകും.

രാത്രി ആഴി പൂജയ്ക്ക് ശേഷം പരമ്പരാഗത പാതയിലൂടെ പമ്പയിലേക്ക് നീങ്ങും. 13ന് പമ്പ സദ്യയും പമ്പവിളക്കും നടത്തി സംഘം മലകയറും സംഘത്തെ മരക്കൂട്ടത്ത് വച്ച് ദേവസ്വം പൊലീസ് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ച പ്രത്യേക വഴിയിലൂടെ ദര്‍ശനത്തിന് ആനയിക്കും. മകരവിളക്ക് ദിവസമായ 14ന് രാവിലെ നെയ്യ് അഭിഷേകവും അത്താഴപൂജയ്ക്ക് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും.

അമ്പലപ്പുഴയില്‍ നിന്നും സ്വാമിമാര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന കാര എള്ള്, ശര്‍ക്കര,നെയ്യ്,തേന്‍, കല്‍കണ്ടം, മുന്തിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന എള്ള് പായസമാണ് ദേവന് നിവേദിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനുശേഷം അമ്പലപ്പുഴക്കാരുടെ കര്‍പ്പൂരാഴി പൂജ നടക്കും.

മകരവിളക്കിന് പിറ്റേദിവസം മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാം പടിയിലേക്ക് ശീവേലി എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം ദര്‍ശിച്ച് പത്ത് നാള്‍ നീളുന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും. സംഘം പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി കെ ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് ജിതിന്‍ രാജ്, ഖജാന്‍ജി ബിജു സാരംഗി രഥയാത്ര കണ്‍വീനര്‍ ആര്‍ മധു വേലംപറമ്പ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com