ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം...; അവസാന പൊതുപരിപാടി ഗുരുവായൂരില്‍; ഏറ്റുപാടി ഭക്തര്‍

ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്ന പി ജയചന്ദ്രന്റെ അവസാന പൊതുപരിപാടി ഗുരുവായൂരില്‍ വച്ചായിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത
P JAYACHANDRAN
​പി ജയചന്ദ്രൻ ഗുരുവായൂരിൽ നടന്ന സംഗീത സെമിനാർ ഉദ്ഘാടന ചടങ്ങിൽ
Updated on

തൃശൂര്‍: ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം, അവിടുത്തെ ശംഖമാണ് എന്റെ കണ്ഠം ... ഭാവ ഗായകന്റെ സ്വരമാധുരിയില്‍ പിറന്ന ഭക്തിസാന്ദ്രമായ ഈ ഗാനം ഏറ്റുപാടാത്ത ഗുരുവായൂര്‍ ഭക്തര്‍ ചുരുക്കമായിരിക്കും. ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്ന പി ജയചന്ദ്രന്റെ അവസാന പൊതുപരിപാടി ഗുരുവായൂരില്‍ വച്ചായിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത. നവംബര്‍ 24 ന് ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം അവിടെ എത്തിയത്. ഗുരുവായൂരപ്പന്റെ ക്ഷണമായി കരുതി അവശതകള്‍ക്കിടയിലും അവിടെയെത്തിയ ജയചന്ദ്രന്‍ ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചപ്പോള്‍ ഭക്തര്‍ നിറ കൈയടിയോടെയാണ് ആ ഗാനമാധുരി ഏറ്റുവാങ്ങിയത്.

അന്ന് ഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദര്‍ശന സായൂജ്യം നേടിയ ശേഷം പ്രസാദ ഊട്ടും കഴിച്ചായിരുന്നു ഗുരുവായൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ശ്രീഗുരുവായൂരപ്പന്റെ തികഞ്ഞഭക്തനായിരുന്നു ശ്രീ.പി. ജയചന്ദ്രന്‍. ശ്രീഗുരുവായൂരപ്പനേയും ഗുരുവായൂര്‍ ക്ഷേത്രത്തെയും പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ അനശ്വര ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 24 ന് ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ദേവസ്വം ഭരണസമിതി അദ്ദേഹത്തെയാണ് ക്ഷണിച്ചത്.

ശ്രീഗുരുവായൂരപ്പന്റെ ക്ഷണമായി കരുതി അവശതകള്‍ക്കിടയിലും അദ്ദേഹമെത്തി. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം

അവിടുത്തെ ശംഖമാണ് എന്റെ കണ്ഠം ...

എന്ന തന്റെ പ്രിയപ്പെട്ട ഗാനം അദ്ദേഹം ഭക്തര്‍ക്കായി പാടി. അചഞ്ചലമായ തന്റെ ഗുരുവായൂരപ്പ ഭക്തി ഒരിക്കല്‍ കൂടി പ്രകടമാക്കി.

ഭക്തര്‍ നിറ കൈയടിയാല്‍ ആ ഗാനമാധുരി ഏറ്റുവാങ്ങി.. അന്ന് ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുതു. ദര്‍ശന സായൂജ്യത്തിന് പിന്നാലെ ഭഗവാന്റെ പ്രസാദ ഊട്ടും കഴിച്ചായിരുന്നു ഗുരുവായൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം. അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയും അതായി.

ശ്രീഗുരുവായൂരപ്പന്റെ ഇഷ്ട ഭക്തനും മലയാളിയുടെ പ്രിയ

ഭാവഗായകനുമായ പി.ജയചന്ദ്രന് വിട!

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com