കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 12 മുതല്‍ ജനുവരി 23 വരെ. ഉമാമഹേശ്വരന്‍മാര്‍ അനഭിമുഖമായി ഒരേ ശ്രീകോവിലില്‍ വാണരുളുന്ന ഈ ക്ഷേത്രത്തില്‍ മഹാദേവന്റെ തിരുനട വര്‍ഷം മുഴുവന്‍ തുറക്കുമെങ്കിലും പാര്‍വ്വതീ ദേവിയുടെ തിരുനട വര്‍ഷത്തില്‍ 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ. സാധാരണ ക്യു സംവിധാനം കൂടാതെ ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ദേവീ ദര്‍ശനം നടത്തുന്നതിനായി വെര്‍ച്വല്‍ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 1 മുതലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.thiruvairanikkulamtemple.org
പാര്‍വ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതിഹ്യം
പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതീഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികള്‍ തിടപ്പള്ളിയില്‍വച്ചു വാതിലടച്ചു ശാന്തിക്കാരന്‍ തിരികെ പോരും. ഈ സമയം പാര്‍വ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കര്‍മങ്ങള്‍ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോള്‍ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കല്‍ അകവൂര്‍ മനയിലെ അന്നത്തെ കാരണവര്‍ തി ടപ്പള്ളിയിലെ അത്ഭുത നിവേദ്യത്തിന്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുന്‍പ് തിടപ്പള്ളിയുടെ വാതില്‍ തുറന്നുനോക്കി. ഭഗവാനായി നിവേദ്യം തയ്യാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് 'അമ്മേ ജഗദംബികേ!' എന്ന് ഉച്ചത്തില്‍ വിളിച്ചുപോയി.
കുപിതയായ ദേവി ഇനി തന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിച്ചെയ്തു. മറ്റു ഭക്തര്‍ക്കായെങ്കിലും ഇവിടം വിട്ടു പോകരുതെന്ന് കരഞ്ഞപേക്ഷിച്ച നമ്പൂതിരിപ്പാടിനോട് അലിവ് തോന്നി ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം ദര്‍ശനഭാഗ്യം നല്‍കാമെന്നും നട അടഞ്ഞുകിടന്നാലും തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇതിന്‍ പ്രകാരമാണ് പതിവായി തുറന്നിരുന്ന പാര്‍വ്വതി ദേവിയുടെ തിരുനട ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ പന്ത്രണ്ടു നാള്‍ മാത്രം തുറക്കാന്‍ തുടങ്ങിയത് എന്നാണ് വിശ്വാസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക