'അച്ഛന്റെ ആത്മാവ് കൈലാസത്തിലേയ്ക്ക് പോകുന്നത് കണ്ടു, ശേഷമാണ് സമാധിപീഠത്തിലെ അറ അടച്ചത്'; ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴിയില്‍ വൈരുദ്ധ്യം

കിടപ്പിലായിരുന്നതിനാല്‍ ഗോപന്‍ സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാന്‍ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം.
'അച്ഛന്റെ ആത്മാവ് കൈലാസത്തിലേയ്ക്ക് പോകുന്നത് കണ്ടു, ശേഷമാണ് സമാധിപീഠത്തിലെ അറ അടച്ചത്'; ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴിയില്‍ വൈരുദ്ധ്യം
Updated on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൂജാരിയായ 69 കാരനെ മക്കള്‍ സമാധിപീഠത്തില്‍ അടക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം സംഭവിച്ചതെന്നാണ് മക്കളുടെ മൊഴി. കിടപ്പിലായിരുന്നതിനാല്‍ ഗോപന്‍ സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാന്‍ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം. ജീവനോടെയാണോ ഗോപന്‍ സ്വാമിയെ സമാധിപീഠത്തില്‍ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്.

വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഗോപന്‍ സ്വാമി തന്റെ സമാധിപീഠം നേരത്തെ തയ്യാറാക്കിയിരുന്നതായാണ് മക്കള്‍ പറയുന്നത്. നേരത്തെ തയ്യാറാക്കിയ കോണ്‍ക്രീറ്റ് അറയ്ക്കുള്ളിലേക്ക് ഗോപന്‍ സ്വാമി സ്വയം നടന്നെത്തി ഇരുന്നതായും അവിടെവെച്ച് സമാധിയായെന്നുമാണ് ഇവരുടെ വാദം. അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് താന്‍ കണ്ടെന്നും ഇതിനുശേഷമാണ് കോണ്‍ക്രീറ്റ് പാളി ഉപയോഗിച്ച് സമാധിപീഠത്തിലെ അറ അടച്ചതെന്നും അതിനുമുമ്പായി അറയ്ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ചെന്നും മകന്‍ പറഞ്ഞിരുന്നു.

നിലവില്‍ സമാധിപീഠം സ്ഥിതിചെയ്യുന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഗോപന്‍ സ്വാമി ഏതാനും നാളുകളായി കിടപ്പിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിന് സമീപത്തെ ക്ഷേത്രം ഗോപന്‍ സ്വാമി തന്നെ പണികഴിപ്പിച്ചതാണ്. ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഇതിനിടെയാണ് ഗോപന്‍ സ്വാമി സമാധിയായെന്ന ബോര്‍ഡ് വീടിന് മുന്നില്‍ സ്ഥാപിച്ചതെന്നും അപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സമീപവാസികള്‍ പറയുന്നു.

ദുരൂഹതയകറ്റാനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ഇതിനായി കലക്ടറുടെ അനുമതി തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാകും കലക്ടറുടെ ഉത്തരവുണ്ടാവുകയെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com