
കൊച്ചി: ലൈംഗിക അധിക്ഷേപക്കേസില്‍ ജാമ്യം കിട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ബോബി ചെമ്മണൂരിനെ ആഘോഷപൂര്‍വം വരവേല്‍ക്കാനുള്ള ആരാധകരുടെ നീക്കം തടഞ്ഞ് പൊലീസ്. ബോബി ഇറങ്ങുമ്പോള്‍ ജയില്‍ പരിസരത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കാനായിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ പേരില്‍ ഫാന്‍സുകാര്‍ ശ്രമിച്ചത്. വലിയ മാലപ്പടക്കവുമായിട്ടായിരുന്നു ഇവരെത്തിയത്.
''ബോചെ തെറ്റൊന്നും ചെയ്തിട്ടില്ല. ഇതിനേക്കാള്‍ വലിയ തെറ്റു ചെയ്തവര്‍ പുറത്ത് ഞെളിഞ്ഞു നടക്കുകയാണ്. എന്തായാലും ഞങ്ങള്‍ പടക്കം പൊട്ടിക്കും. പറഞ്ഞാല്‍ പറഞ്ഞതു ചെയ്യുന്നവരാണ് ഞങ്ങള്‍. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നീതിക്കായിട്ടുള്ള പുരുഷന്മാരുടെ സംഘടനയാണ്. ബോബി ചെമ്മണൂരിനെ ഒരു സ്ത്രീ മനപ്പൂര്‍വം കുടുക്കിയതാണ്. അദ്ദേഹത്തെ ഹണിട്രാപ്പില്‍ പെടുത്തിയതാണ്''- സംഘടനയുടെ ഭാരവാഹി എന്നവകാശപ്പെട്ടയാള്‍ പറഞ്ഞു.
'ബോബി ചെമ്മണൂര്‍ സാധാരണക്കാരില്‍ ഒരാളാണ്. ബോബി കൊലപാതകം ചെയ്യുകയോ, ബലാത്സംഗം ചെയ്യുകയോ ഒന്നു ചെയ്തിട്ടില്ലല്ലോ?. പുരുഷന്‍മാര്‍ക്ക് നീതിക്കുവേണ്ടിയുള്ള സംഘടനയാണ്. ആ ലക്ഷ്യത്തോടെയാണ് ബോബി ചെമ്മണൂരിനെ പിന്തുണയ്ക്കുന്നതെന്നും' ഇവര്‍ പറഞ്ഞു. ബോബി ചെമ്മണൂരിന് പിന്തുണയുമായി നിരവധി പേരാണ് ജയിലിന് മുന്നില്‍ തടിച്ചു കൂടിയത്. പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥയ്ക്കും വഴി വെച്ചിരുന്നു. എന്നാല്‍ ആഘോഷം തടഞ്ഞ പൊലീസ് മാലപ്പടക്കം പിടിച്ചെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക