ബി അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റേതാണ് നടപടി
B Ashok IAS
ബി അശോക് ഐഎഎസ്
Updated on

കൊച്ചി: തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി ബി അശോകിനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റേതാണ് നടപടി. സ്ഥാനമാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോൽപാദന കമ്മിഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികളിൽ നിന്നു മാറ്റിയാണ് അശോകിനെ തദ്ദേശ ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷനായി നിയമിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് സ്ഥലംമാറ്റമെന്നായിരുന്നു അശോകിന്റെ വാദം.

ചട്ടങ്ങൾ പാലിക്കാതെയുള്ള മാറ്റം അം​ഗീകരിക്കാനാവില്ലെന്നും, പുതിയ പദവി ഏറ്റെടുക്കാനാകില്ലെന്നും വ്യക്തമാക്കി ബി അശോക് നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥനിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ല. സുപ്രധാന ചുമതല വഹിക്കുന്ന, കേഡർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടുവെന്നും അശോക് ചൂണ്ടിക്കാട്ടി.

സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണെന്നും അശോക് വ്യക്തമാക്കി. കൃഷിമന്ത്രി പോലും അറിയാതെയാണ് അശോകിനെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തദ്ദേശ വകുപ്പിലെ നിയമങ്ങൾ, ചട്ടങ്ങൾ, മാർഗ നിർദേശങ്ങൾ തുടങ്ങിയവ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടാണ് തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ രൂപീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com