സജീവമല്ലാത്ത നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ട, മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആളെ എത്തിക്കണം: കെപിസിസി മാര്‍ഗരേഖ

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്കാണ് കെപിസിസി മാര്‍ഗരേഖ കൈമാറിയത്.
K Sudhakaran
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഫയല്‍
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. താഴെത്തട്ടിലെ നേതാക്കള്‍ വരെ സമൂഹമാധ്യമത്തില്‍ സജീവമാകണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്കാണ് കെപിസിസി മാര്‍ഗരേഖ കൈമാറിയത്.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ സാമൂഹിക സന്തുലിതാവസ്ഥ പാലിക്കണമെന്നും നേതാക്കള്‍ക്ക് പോഷക സംഘടനകളുടെ അടക്കം ചുമതലകള്‍ വീതിച്ച് നല്‍കണമെന്നുമാണ് മാര്‍ഗരേഖയില്‍ പറയുന്നത്. പാര്‍ട്ടിക്ക് സ്വന്തം നിലയിലോ വാടകയ്‌ക്കോ ബ്ലോക്കിലെ പ്രധാന സ്ഥലത്ത് ഒരു ആസ്ഥാന മന്ദിരം ഉണ്ടായിരിക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നു.

പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം. കെപിസിസി മാര്‍ഗ രേഖയില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ബ്ലോക്ക് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് അതിലെടുത്ത തീരുമാനം തിങ്കളാഴ്ച കെപിസിസിയെ അറിയിക്കണം.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ പ്രത്യേക ശ്രമം ബ്ലോക്ക് കമ്മിറ്റികള്‍ നടത്തണം. കേബിള്‍ കണക്ഷനോട് കൂടിയ ടിവി ഓഫീസില്‍ ഉണ്ടായിരിക്കണം. പാര്‍ട്ടി മുഖപത്രം ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം, ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ കംപ്യൂട്ടര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് സ്വന്തമായി മെയില്‍ ഐഡി. അക്കൗണ്ട് രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്നുമാണ് നിര്‍ദേശങ്ങള്‍.

കൃത്യമായി യോഗങ്ങള്‍ ചേരണം. ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ഒരു ഭാരവാഹിക്ക് ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല നല്‍കണം. സംഘടനാ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പില്‍ മറ്റ് കാര്യങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യരുത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് ഉണ്ടായിരിക്കണം. തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികള്‍ക്ക് അയച്ച 9 പേജുള്ള കത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com