'ആരും സർക്കാർ ഓഫീസ് കയറിയിറങ്ങാൻ പാടില്ല; എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ, പദ്ധതി സർക്കാരിന് മുന്നിൽ'; വിഡിയോ
കൊച്ചി: കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാക്കാനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് കെ ഫോണ്‍ മാനേജിങ് ഡയറക്ടർ ഡോ സന്തോഷ് ബാബു ഐഎഎസ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പൊതു ഇടങ്ങളിൽ വൈ-ഫൈ ലഭ്യമാക്കുന്നതിനുള്ള ഒരു നിർദേശം ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ പേര് കെഎഫ്ഐ എന്നാണ്. കെഎസ് വാൻ (കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക്) - കെഎഫ്ഒഎൻ ഇവ രണ്ടും ഒന്നിപ്പിച്ചുള്ള മറ്റൊരു നിർദേശവുമുണ്ട്. നിലവിൽ ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ഐടി മിഷൻ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ നൽകിയിട്ടുണ്ട്.
ഇത് വളരെ വിജയകരമായിരുന്നു. ഇപ്പോൾ 4008 സ്ഥലങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. സർക്കാർ അനുമതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് വന്നുകഴിഞ്ഞാൽ കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാകും."- സന്തോഷ് ബാബു പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കെ -സ്മാർട്ട് പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഒരു മൊബൈൽ ആപ് അധിഷ്ഠിത ഇ-ഗവേണൻസ് സംവിധാനമാണ് കെ- സ്മാർട്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ആളുകൾക്ക് പല തരത്തിലുള്ള സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
2024 ജനുവരി 1 ന് കൊച്ചിയിൽ ഞങ്ങൾ കെ- സ്മാർട്ട് തുടങ്ങി. ആദ്യം കുറേ തടസങ്ങളുണ്ടായിരുന്നു. 200 കോടിയോളം ഡാറ്റ ഡിജിറ്റലിലേക്ക് മാറ്റേണ്ടി വന്നു. ഞങ്ങൾ 50 കോടി റെക്കോർഡുകൾ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകും. അപ്പോൾ വീണ്ടും ചെയ്യേണ്ടി വരും. 2025 ജനുവരി 1 മുതൽ ഞങ്ങൾ പഞ്ചായത്തുകളിൽ കെ- സ്മാർട്ട് തുടങ്ങി. എല്ലാ കാര്യങ്ങളും മൊബൈൽ ഫോണിലൂടെ നടക്കണം, ആരും ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങി നടക്കാൻ നിർബന്ധിതരാകരുതെന്നാണ് എന്റെ കാഴ്ചപ്പാട്.
'സന്തോഷമുള്ള പൗരന്മാർ, സന്തോഷമുള്ള ജീവനക്കാർ, കാര്യക്ഷമമായ സർക്കാർ' എന്നിവയാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ആപ്പ് വഴി ഡൗൺലോഡ് ചെയ്യാൻ കഴിയും. ജനന സർട്ടിഫിക്കറ്റുകൾ ആറ് മിനിറ്റിനുള്ളിലും മരണ സർട്ടിഫിക്കറ്റുകൾ ഏകദേശം 10 മിനിറ്റിനുള്ളിലും ലഭിക്കും".-അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക