
കൊച്ചി: കേരള നോളജ് മിഷന്‍ ഉപദേശകനായി മുന്‍മന്ത്രി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെ ഹര്‍ജി നല്‍കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ പായച്ചിറ നവാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പൊതുതാൽപര്യ ഹർജികൾ നല്‍കുന്നത് എന്നും കോടതി ചോദിച്ചു. സർക്കാരിന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്താണ് ഹർജി. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഹർജിക്കാരന് മനസ്സിലായിട്ടുണ്ടോ?. പരാതിക്കാരൻ വായിച്ചു മനസിലാക്കിയിട്ടാണോ ഇത്തരം ഹർജികൾ സമർപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു.
കേരള നോളജ് മിഷൻ ഉപദേശകനായി തോമസ് ഐസക്കിനെ നിയമിച്ചത് ചട്ടവിരുദ്ധവും അഴിമതിയും ആണെന്നായിരുന്നു ഹർജിയിൽ പായച്ചിറ നവാസ് ആരോപിച്ചിരുന്നത്. ഒരു സാങ്കൽപ്പിക വകുപ്പിനും പദ്ധതിക്കുമായി സർക്കാരിന് പ്രതിമാസം ഒരു ലക്ഷം രൂപയിലധികം ചെലവാകുന്നുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു. ഹർജിയുടെ സാധുത ചോദ്യം ചെയ്ത കോടതി, ഇത്തരം പൊതുതാൽപ്പര്യ ഹർജികൾ സമർപ്പിക്കുന്നത് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചതായും അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക