പിഞ്ചു കുഞ്ഞിനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
veeyan murder case
ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുഫയല്‍
Updated on

കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലിൽ മുറിയെടുത്ത ശരണ്യ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശരണ്യയെ ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂർ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര വയസ്) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതിയും നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തിയ പൊലീസ്, ശരണ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com