'എന്റെ കുടുംബത്തിന്റെ പേരില്‍ നടത്തുന്ന വ്യാജപ്രചാരണത്തിന് മറുപടി പറഞ്ഞെ പറ്റൂ'

തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നത് ഷമ്മാസ് തെളിയിക്കണം.
pp divya
മുന്‍ ജില്ലാ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പിപി ദിവ്യ ഫെയ്സബുക്ക്
Updated on

കണ്ണൂര്‍: തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കെഎസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. കഴിഞ്ഞ 3 മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, നേതാക്കന്മാര്‍ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്നാണ് പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും, റിസോര്‍ട്ടും,സ്വന്തമായുണ്ടെന്നത്. തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നത് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പിപി ദിവ്യ പറഞ്ഞു.

പഴയ ആരോപണം പുതിയ കുപ്പിയില്‍ ആക്കി വന്നു പത്രസമ്മേളനം നടത്തിയ കെഎസ് യു ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യര്‍ഥിക്കുന്നു. ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും, ഭര്‍ത്താവിന്റെ പേരിലെ ബെനാമി പെട്രോള്‍ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. തന്റെ കുടുംബത്തിന്റെ പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞെ പറ്റു. മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭര്‍ത്താവിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. പ്രസിഡന്റായിരിക്കെ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നല്‍കിയത് സ്വന്തം ബിനാമി കമ്പനിക്കാണെന്നും ഷമ്മാസ് പറയുന്നു. പിപി ദിവ്യക്കെതിരായ ആരോപണങ്ങളുടെ രേഖകള്‍ ഷമ്മാസ് പുറത്തുവിട്ടു.

കമ്പനി ഉടമയായ ബിനാമിയുടേയും പിപി ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയതായും ഷമ്മാസ് പറയുന്നു. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ നാലേക്കറോളം ഭൂമി ബിനാമി കമ്പനി എംഡിയുടെയും ദിവ്യയുടെ ഭര്‍ത്താവിന്റെയും പേരില്‍ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു. അതിന്റെ രജിസ്‌ട്രേഷന്‍ രേഖകളും ഷമ്മാസ് പുറത്തുവിട്ടു. കൂടാതെ സ്വന്തം കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിന് രൂപയുടെ കരാര്‍ നല്‍കിയതായും ഷമ്മാസ് ആരോപിച്ചു. 11 കോടിയോളം രൂപയാണ് രണ്ട് വര്‍ഷത്തിനിടയില്‍ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിര്‍മാണങ്ങള്‍ക്ക് മാത്രമായി നല്‍കിയതെന്നും ഷമ്മാസ് പറഞ്ഞു.

ഇതിന് പുറമെ പടിയൂര്‍ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിര്‍മ്മാണ കരാറും ഈ കമ്പനിക്ക് തന്നെയായിരുന്നെന്നും ഷമ്മാസ് പറയുന്നു. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലൈ 20നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനി എംഡി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പ്രീ ഫാബ്രിക് നിര്‍മാണങ്ങളാണ് സില്‍ക്ക് വഴി ഈ കമ്പനിക്ക് നല്‍കിയത്. പ്രധാനമായും ബയോ ടോയ്ലറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയായിരുന്നു നിര്‍മാണങ്ങള്‍. മൂന്ന് വര്‍ഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്കു നല്‍കിയത്. ഒരു കരാര്‍പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല.

ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പിപി ഷാജിറിനും ഈ ബിനാമി ഇടപാടുകളില്‍ പങ്കുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ദിവ്യ ജില്ലാ പഞ്ചായത്തിനു പകരം തിരുട്ട് ഗ്രാമത്തിന്റെ പ്രസിഡന്റ് ആവേണ്ടിയിരുന്നയാളാണ്. പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ വീരപ്പനെപ്പോലും നാണിപ്പിക്കും. അഴിമതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ പറ്റിയ ആളാണ് പിപി ദിവ്യ. ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും ഷമ്മാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com