police help pregnant women in thrissur.
ഗര്‍ഭിണിക്ക് സഹായമൊരുക്കി കുന്നംകുളം പൊലീസ്‌പ്രതീകാത്മക ചിത്രം

'സാറേ...ഞങ്ങള്‍ ഡിസ്ചാര്‍ജ് ആയാല്‍ നേരെ സ്റ്റേഷനിലേക്ക് വരുന്നുണ്ട് ട്ടോ'

ആംബുലന്‍സ് വിളിച്ച് യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയതെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി അതിനനുവദിക്കില്ലെന്ന് വ്യക്തമായതോടെ പൊലീസുകാര്‍ ഓട്ടോയില്‍ തന്നെ യുവതിക്ക് പ്രസവിക്കാനുള്ള സൗകര്യമൊരുക്കി.
Published on

തൃശൂര്‍: മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടെ വഴിമധ്യേ രക്തസ്രാവമുണ്ടായ ഗര്‍ഭിണിയ്ക്ക് തുണയായി കുന്നംകുളത്തെ പൊലീസുകാര്‍. ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് പാതിവഴിയില്‍ രക്തസ്രാവമുണ്ടായി. യുവതിയുടെ ഭര്‍ത്താവ് അതുവഴി പോവുകയായിരുന്ന പോലീസിന്റെ സഹായം തേടി. ആംബുലന്‍സ് വിളിച്ച് യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയതെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി അതിനനുവദിക്കില്ലെന്ന് വ്യക്തമായതോടെ പൊലീസുകാര്‍ ഓട്ടോയില്‍ തന്നെ യുവതിക്ക് പ്രസവിക്കാനുള്ള സൗകര്യമൊരുക്കി. തൃശൂര്‍ സിറ്റി പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പൊലീസ് പങ്കുവച്ച കുറിപ്പ്

എടപ്പാള്‍ അംശകച്ചേരി സ്വദേശിയായ ഇസ്മയിലിന്റെ ഭാര്യയ്ക്ക് പ്രസവത്തിനായി അഡ്മിറ്റ് ആകാന്‍ ജനുവരി 25 നാണ് അറിയിച്ചിരുന്നത്. എന്നാല്‍ 13 -ാം തിയ്യതി രാത്രിയോടെ ചെറിയ അസ്വസ്ഥത തോന്നിയപ്പോള്‍ ഡോക്ടറെ കാണുന്നതിനായി അയല്‍വാസിയുടെ ഓട്ടോറിക്ഷയില്‍ ഇസ്മയിലും ഭാര്യയും ഉമ്മയും കൂടി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു. കുന്നംകുളം കഴിഞ്ഞ ഉടന്‍തന്നെ ഇസ്മയിലിന്റെ ഭാര്യക്ക് അസ്വസ്ഥതകൂടി മുണ്ടൂര്‍ എത്തുമ്പോഴേക്കും കരച്ചിലും ബ്‌ളീഡിങ്ങും ആയതോടെ ഇസ്മയിലും ഉമ്മയും ഡ്രൈവറും ആകെ ഭയപെട്ടു.

ആ സമയത്താണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെ്ക്ടര്‍ ജോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.ഷംനാദ്, കെ.പ്രദീപ് എന്നിവര്‍ അതുവഴി പോയിരുന്നത്. പൊലീസ് വാഹനം കണ്ട ഉടന്‍തന്നെ ഇസ്മയില്‍ വേഗം കൈപുറത്തിട്ട് പൊലീസിനെ നീട്ടി വിളിച്ചു. ഓട്ടോ ഡ്രൈവറും പൊലീസിനെ ശ്രദ്ധയാകര്‍ഷിക്കും വിധം വിളിച്ചുകൂവി. പൊലീസ് വാഹനം വേഗം അരികിലൊതുക്കി നിറുത്തിയപ്പോള്‍ ഇസ്മയില്‍ ഓടിയെത്തി കാര്യം അറിയിച്ചു. സംഭവം അറിഞ്ഞപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോസ് അവരെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പാണ് ആദ്യം നടത്തിയത്. എന്നാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലായ സബ് ഇന്‍സ്‌പെ്കടര്‍ ഉടന്‍തന്നെ ആംബുലന്‍സിനെ വിളിച്ച് അറിയിച്ചു. പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെ ഇസ്മയില്‍ ഓട്ടോറിക്ഷയില്‍ നിന്നും സ്ത്രീയെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉമ്മതടഞ്ഞു. മക്കളേ മോളെ ഇപ്പോള്‍ എടുക്കല്ലേ...

കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ പൊലീസുദ്യോഗസ്ഥരില്‍ ഒരാള്‍ അടുത്ത കടയിലേക്കോടി പുതിയ തുണിയും ഷീറ്റും വാങ്ങി ഓടിയെത്തി. അതിനിടയില്‍ ചൂടുവെള്ളത്തിയായി ഒരു പൊലീസുദ്യോഗസ്ഥന്‍ അടുത്ത വീട്ടിലേക്കോടി ഭാര്യയുടെ അവസ്ഥകണ്ട് ഇസ്മയില്‍ ആകെ പരിഭ്രമിച്ചു ഡ്രൈവര്‍ അവനെ സമാധാനിപ്പിച്ചു. പൊലീസുദ്യോഗസ്ഥര്‍ ഓടിയെത്തി തുണി ഉമ്മയ്ക്ക് കൊടുത്തു. റോഡരികിലെ ഓട്ടോ റിക്ഷയില്‍ നിന്നും കുഞ്ഞുകരച്ചില്‍ ഉയര്‍ന്നു ഇസ്മയിലിന്റെ മുഖത്ത് സന്തോഷവും പരിഭ്രമവും നിറഞ്ഞു. പൊലീസുദ്യോഗസ്ഥരും ഇസ്മയിലും ചേര്‍ന്ന് ചോരകുഞ്ഞിനെ ഭദ്രമായി തുടച്ച് പൊലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറാകുമ്പോഴേക്കും ആംബുലന്‍സ് പാഞ്ഞെത്തി. റോഡരികിലെ ഓട്ടോറിക്ഷയില്‍ നിന്നും ചോരകുഞ്ഞിനേയും അമ്മയേയും ആംബുലന്‍സില്‍ കയറ്റി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കുതിച്ചു. ഉടന്‍തന്നെ സബ് ഇന്‍സ്‌പെ്കടര്‍ ജോസിന്റെ നിര്‍ദ്ദേശമനുസരിച്ച് മെഡിക്കല്‍ കോളജില്‍ എയ്ഡ് പോസ്റ്റില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ ആര്‍ ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ ക്യാഷ്വാലിറ്റിയില്‍ വിവരം അറിയിച്ച് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ആശുപത്രിയിലേക്ക് ഇസ്മയിലിനെ വിളിച്ച് വിശേഷം ചോദിക്കാറുള്ള കുന്നംകുളത്തെ പൊലീസുദ്യോഗസ്ഥര്‍ ഇന്ന് ഏറെ സന്തോഷത്തിലാണ് ഐസിയുവി ല്‍ നിന്നും കുഞ്ഞിനെ നാളെ വാര്‍ഡിലേക്ക് മാറ്റും രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും അറിഞ്ഞു. ഓട്ടോഡ്രൈവര്‍ സ്റ്റേഷനില്‍ നേരിട്ടെത്തി നന്ദി അറിയിച്ചു. ഇസ്മയില്‍ സ്റ്റേഷനിലേക്ക് വിളിച്ചു 'സാറേ...ഞങ്ങള്‍ ഡിസ്ചാര്‍ജ്ജ് ആയാല്‍ നേരെ സ്റ്റേഷനിലേക്ക് വരുന്നുണ്ട് ട്ടോ...'

അതൊന്നും വേണ്ട ഇസ്മയിലേ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ തന്നെ ഏറെ സന്തോഷം. സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെ മറുപടിയില്‍ സന്തോഷം മാത്രമല്ല നിറഞ്ഞ ആത്മസംതൃപ്തിയുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com