ദുബായ്: ഐസിസി പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇടം പിടിച്ചില്ല. 2024ല്‍ മികച്ച പ്രകടനം നടത്തിയ പതിനൊന്ന് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങളായ ബുംറ, ജഡേജ, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇടം പിടിച്ചു. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍.
പട്ടികയില്‍ നാലു പേര്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പേര്‍ വീതവും വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഒരു കളിക്കാരനും ടീമില്‍ ഇടംപിടിച്ചു. 2024ല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പുരുഷ ഏകദിന ടീം കുറഞ്ഞ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഈ മല്‍സരങ്ങളിലെ മോശം പ്രകടനമാണ് ഈ ദയനീയ സ്ഥിതിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നാമത്തേത് സമനിലയില്‍ അവസാനിച്ചു.
കഴിഞ്ഞവര്‍ഷം അസലങ്ക 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 50.2 ശരാശരിയില്‍ 605 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ നേടിയത് ശ്രീലങ്കയാണ്. 18 ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്ക 12 എണ്ണത്തിലും വിജയിച്ചു. പാകിസ്ഥാന്‍ ഒമ്പത് ഏകദിന മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങള്‍ നേടി. അഫ്ഗാനിസ്ഥാന്‍ അവരുടെ 14 ഏകദിന മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചു.
ഓള്‍ സ്റ്റാര്‍ ഇലവനില്‍ ഏഷ്യന്‍ അല്ലാത്ത ഏക കളിക്കാരന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് ആണ്. 2023ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റൂഥര്‍ഫോര്‍ഡ് വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 106.2 എന്ന അത്ഭുതകരമായ ശരാശരിയില്‍ 425 റണ്‍സ് നേടി.
ഐസിസി വനിതകളുടെ ടീമില്‍ ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ധാനയും ദീപ്തി ശര്‍മയും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം 28കാരിയായ സ്മൃതി പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി 747 റണ്‍സ് അടിച്ചിരുന്നു. ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍ നേടിയതും സ്മൃതിയായിരുന്നു. ദീപ്തി പതിമുന്ന് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളും 186 റണ്‍സും നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക