
കല്‍പ്പറ്റ: മാനന്തവാടി നഗരസഭാ പരിധിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എസ്ഡിപിഐയും ര്രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും. അതേസമയം, ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം നാളെ രാവിലെ പതിനൊന്ന് മണിക്ക് സംസ്‌കരിക്കും.
കടുവ കൊലപ്പെടുത്തിയ മാനന്തവാടി നഗരസഭയിലെ തറാട്ട് മീന്‍മുട്ടി രാധ(46)യുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി മന്ത്രി ഒആര്‍ കേളു അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കലക്ടറുമടക്കമുള്ളവര്‍ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. കുടുംബത്തിന് 11 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് അടിയന്തര സഹായമായി കൈമാറിയത്.
പഞ്ചാരകൊല്ലിയില്‍ തറാട്ട് ഉന്നതിയിലെ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം വേദനാജനകമായ ഒന്നാണെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. രാധയുടെ വിയോഗത്തിന് പകരമാകില്ല ഒന്നും എന്നറിയാമെങ്കിലും സഹായം നല്‍കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വം തന്നെയാണ്. കടുവയെ വെടി വെച്ച് കൊല്ലുന്നതും, കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വയനാട് ജില്ലയില്‍ വന്യമൃഗ ശല്യ പ്രതിരോധത്തിനായി ദ്രുതഗതിയിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
വയനാട് പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചുകൊല്ലുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍നിന്ന് വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്ററിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട് എത്തിക്കും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെഎസ് ദീപയെ ചുമതലപ്പെടുത്തി. പ്രദേശത്ത് ദ്രുതകര്‍മസേനയെ നിയോഗിച്ചു.
വെള്ളി രാവിലെ പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വനതാതിര്‍ത്തിയിലെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോകുന്നതിനിടെയാണ് രാധയെ കടുവ ആക്രമിച്ചത്. കടുവ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. തോട്ടത്തില്‍നിന്ന് നൂറ് മീറ്റര്‍ അകലെ വനത്തിനുള്ളിലായിരുന്നു മൃതദേഹം. വനമേഖലയില്‍ മാവോയിസ്റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സേന രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടത്. കാപ്പി പറിക്കാന്‍ രാധയെ വീട്ടില്‍നിന്ന് അച്ചപ്പന്‍ ബൈക്കില്‍ തോട്ടത്തിനരികില്‍ കൊണ്ടുവിട്ടുപോയ ഉടനെയായിരുന്നു ആക്രമണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക