ദൗത്യസംഘത്തിന് നേര്‍ക്ക് കടുവ ചാടി വീണു, ഷീല്‍ഡ് കൊണ്ടു തടുത്ത് ജയസൂര്യ; കടുവയ്ക്ക് വെടിയേറ്റു?

പരിക്കേറ്റ ജയസൂര്യ മക്കിമല സ്വദേശിയാണ്
tiger attack
കടുവ, ജയസൂര്യ ഫയല്‍
Updated on

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആര്‍ആര്‍ടി അംഗം ജയസൂര്യയ്ക്ക് സാരമായ പരിക്കില്ലെന്ന് മാനന്തവാടി എസ്എച്ച്ഒ അറിയിച്ചു. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉള്‍ക്കാട്ടില്‍ തിരച്ചിലിനിടെ കടുവ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയുടെ മേല്‍ ചാടി വീഴുകയായിരുന്നു.

ഷീല്‍ഡ് കൊണ്ടു തടഞ്ഞതിനാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജയസൂര്യ മക്കിമല സ്വദേശിയാണ്. ഇദ്ദേഹം ബീറ്റ് ഓഫീസര്‍ ആയിട്ട് ജോലിക്ക് കയറിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. കടുവ മാന്തിയതിനെത്തുടര്‍ന്ന് ജയസൂര്യയുടെ വലതു കൈക്ക് പരിക്കേറ്റതായാണ് വിവരം. കടുവയ്ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജയസൂര്യയെ ആക്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വെടിവെച്ചുവെന്നാണ് സൂചന.

ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവയുടെ ആക്രമണം ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വലിയ സംഘം ഉള്‍ക്കാട്ടിലേക്ക് പോയി. എട്ട് അംഗങ്ങളായി തിരിഞ്ഞ് പത്തു ടീമുകളായി കാട്ടില്‍ പോയി തിരഞ്ഞ് കടുവയെ കണ്ടെത്തുക എന്ന ദൗത്യമാണ് ആര്‍ആര്‍ടി സംഘം നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെയായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്.

പഞ്ചാരക്കൊല്ലിയിലെ നരഭോജികടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് തുടരുകയാണ്. 80 അംഗ ആർആർടി സംഘം പ്രദേശത്ത് 8 ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ്. രണ്ടു കൂടുകളും 38 ക്യാമറകളും വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.കടുവയെ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാൽ വെടിവെക്കുമെന്നും മന്ത്രി ഒ ആർ കേളു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com