
കൊച്ചി: അപകടത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ് എംഎൽഎ. ആശുപത്രിയിൽ നിന്ന് ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുത്തത്. കാക്കനാട് എംഎ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എംഎൽഎ പങ്കെടുത്തത്.
എംഎല്‍എ വയ്യാതായതറിഞ്ഞിട്ടു തങ്ങള്‍ എല്ലാവരും ഒരുപാട് വിഷമിച്ചുവെന്ന കുഞ്ഞു അല്‍ഹയുടെ വാക്കുകള്‍ എംഎല്‍എയുടെ കണ്ണു നനച്ചു. 'നേരിട്ടു വന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ ആരും സമ്മിതിക്കില്ലല്ലോ. ഞങ്ങൾ എല്ലാവരും എംഎൽഎയ്ക്ക് വേണ്ടി ഒരുപാട് പ്രാർഥിച്ചിട്ടുണ്ട്. വേഗം അസുഖം മാറി ഞങ്ങളുടെ സ്കൂളിലേക്ക് നേരിട്ട് ഒരു ദിവസം വരണംട്ടോ...' എന്ന് അല്‍ഹ ലാപ്ടോപ് നോക്കി എംഎല്‍എയോട് പറഞ്ഞു.
മൂന്നാം ക്ലാസുകാരിയായ അൽഹ ഫാത്തിമയാണ് സ്കൂളിനെ പ്രതിനിധീകരിച്ച് എംഎൽഎയോട് സംസാരിച്ചത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് ഏറെ നന്ദിയുണ്ടെന്നും പ്രാർത്ഥന തന്നെയാണ് എന്നെ തിരിച്ചുകൊണ്ടുവന്നതെന്നും ഉമ തോമസ് പറഞ്ഞു.
അപകടത്തിന് ശേഷം ആദ്യമായാണ് എംഎല്‍എ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളിൽ കൈമാറുമെന്നും എംഎൽഎ പറഞ്ഞു.
കലൂർ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഗ നൃത്തി പരിപാടിക്കിടെ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ പരിക്കേറ്റു. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക