പല തവണ വിലക്കിയിട്ടും വീട്ടിലെത്തി, മകളെ ആണ്‍സുഹൃത്ത് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ; യുവാവ് വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീടു മാറിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു
chottanikkara case
ആൺസുഹൃത്ത് വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ
Updated on

കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒരാള്‍ സ്‌കൂട്ടറില്‍ ഇയാളെ വീടിന് സമീപം കൊണ്ടു വിടുന്നതാണ് ദൃശ്യത്തിലുള്ളത്. തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.

അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. മകളെ ആണ്‍സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിലെത്തി. മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീടു മാറിയതെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മിക്കവാറും യുവാവ് വരുന്നത് താന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് സമീപവാസികള്‍ പറഞ്ഞാണ് അറിയുന്നത്. ഏതെങ്കിലും പയ്യന്മാരുടെ പേരു പറഞ്ഞ് ആണ്‍സുഹൃത്ത് മകളെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം ദോഷം ചെയ്യുമെന്ന് മകളോട് പറഞ്ഞതാണ് എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ശനിയാഴ്ച രാത്രി ഏതാണ്ട് 11 മണിയോടെ യുവാവ് വീട്ടില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

സംഭവത്തില്‍ സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി വി ടി ഷാജന്‍ പറഞ്ഞു. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നത് പരിശോധിക്കുന്നു. പെണ്‍കുട്ടിക്ക് ദേഹോപദ്രവം ഏറ്റതായി വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഒന്നും പറയാറായിട്ടില്ലെന്നും പുത്തന്‍കുരിശ് ഡിവൈഎസ്പി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബലാത്സംഗം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വളരെ ഗുരുതരമായ ആരോപണങ്ങളുള്ള കേസായതിനാല്‍ ഗൗരവത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു. നേരത്തെ പോക്‌സോ കേസില്‍ ഇരയായിരുന്ന 19 കാരിയായ പെണ്‍കുട്ടിയാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com