കടയുടെ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ കൈക്കൂലി; ബൈക്കിലെത്തി പണം വാങ്ങി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

പരാതിക്കാരനായ കടക്കാരന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനായി അപേക്ഷ നല്‍കിയിരുന്നു
Health inspector arrested for accepting Rs 10,000 bribe to renew shop license
അഖില്‍ ജിഷ്ണു പിടിയിലായപ്പോള്‍
Updated on

കൊച്ചി: സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് വിജിലന്‍സിന്റെ പിടിയിലായത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായാണ് അഖില്‍ കൈക്കൂലി വാങ്ങിയത്.

പരാതിക്കാരനായ കടക്കാരന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ അഖില്‍ ജിഷ്ണു പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാന്‍ വിജിലന്‍സില്‍ അറിയിച്ചു. തുടര്‍ന്നാണ് വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുന്നത്. ആലുവ എന്‍എഡി റോഡ് കൊടികുത്തിമല ജുമാ മസ്ജിദിന് സമീപത്ത് ബുധന്‍ വൈകിട്ട് പരാതിക്കാരനില്‍നിന്ന് പണം കൈപ്പറ്റാനെത്തിയപ്പോഴാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

വിജിലന്‍സ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരന്‍ പണം നല്‍കാമെന്ന് അഖിലിനെ അറിയിച്ചു. ഇതുപ്രകാരം പണം വാങ്ങാനായി അഖില്‍ ബൈക്കിലെത്തി. തുടര്‍ന്ന് പണം കൈമാറി. വിജിലന്‍സ് നല്‍കിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകളാണ് കടക്കാരന്‍ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലന്‍സ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് മധ്യമേഖല എസ്പി എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com