ഫെബ്രുവരി 2ന് ​ഗുരുവായൂരിൽ കല്യാണ മേളം! ദർശനത്തിനും വിവാഹത്തിനും ക്രമീകരണം

വിവാഹ ബുക്കിങ് 200 കടന്നു
guruvayoor temple
​ഗുരുവായൂർ ക്ഷേത്രംഫയല്‍
Updated on

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. പൊതു അവധി ദിനമായതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്.

പുലർച്ചെ 5 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹ സംഘങ്ങൾക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര് കുളത്തിനോട് ചേർന്നുള്ള റിസപ്ഷൻ കൗണ്ടറിലെത്തി രജിസ്ട്രേഷൻ നടത്തി ടോക്കൺ വാങ്ങി പ്രത്യേക പന്തലിൽ വിശ്രമിക്കാം.

താലികെട്ട് ചടങ്ങിൻ്റെ ഊഴമാകുമ്പോൾ ടോക്കൺ നമ്പർ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നു കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേർക്കേ പ്രവേശനം ഉണ്ടാകു.

ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനം ക്യു വടക്കേ നടപ്പന്തലിലേയ്ക്ക് മാറ്റും. ക്രമീകരണങ്ങളുമായി ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com